വരള്‍ച്ച നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സിപിഐഎം; ദേശീയദുരന്തമായി പ്രഖ്യാപിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം

ദില്ലി: രാജ്യം അഭിമുഖീകരിക്കുന്ന കൊടുംവരള്‍ച്ച നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വരള്‍ച്ച ദേശീയദുരന്തമായി പ്രഖ്യാപിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസനടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ 65 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ രണ്ടാമത്തെ വരള്‍ച്ചയാണ് അനുഭവിക്കുന്നത്. 2012ലെ വേനല്‍മഴയില്‍ 31 ശതമാനം കുറവുണ്ടായെങ്കില്‍ ഈ വര്‍ഷം 25 ശതമാനം കുറവാണുണ്ടായത്. രാജ്യത്ത് 50 കോടി പേര്‍ വരള്‍ച്ചക്കെടുതി അനുഭവിക്കുന്നു.

ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടകം, ബിഹാര്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും പശ്ചിമബംഗാള്‍, തമിഴ്‌നാട്, രാജസ്ഥാന്‍, ഒഡിഷ സംസ്ഥാനങ്ങള്‍ ഭാഗികമായും അതിരൂക്ഷമായ വരള്‍ച്ച നേരിടുകയാണ്.

ഇവിടങ്ങളില്‍ ജലസംഭരണികള്‍ മിക്കവാറും വറ്റി. വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കിയെങ്കിലും കേന്ദ്രം ആവശ്യമായ സഹായം എത്തിക്കുന്നില്ല. ആന്ധ്രപ്രദേശ്, ഒഡിഷ, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഒട്ടേറെ ജില്ല വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. കന്നുകാലികളടക്കം വളര്‍ത്തുമൃഗങ്ങളുടെ സ്ഥിതി ദയനീയമാണ്. വന്‍തോതില്‍ കൃഷി നശിച്ചു. പട്ടിണിമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

സാഹചര്യത്തെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലുറപ്പ് പദ്ധതി വേതനകുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം. സ്‌കൂള്‍ ഫീസുകള്‍ ഇളവുചെയ്യുകയും ഇതര സഹായങ്ങള്‍ എത്തിക്കുകയും വേണം.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ എല്ലാ പാര്‍ടിഘടകങ്ങളോടും കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു. ജനാധിപത്യ കര്‍ഷകപ്രസ്ഥാനങ്ങളുടെയും ഇതര ബഹുജനസംഘടനകളുടെയും സഹകരണത്തോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും യോഗം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News