‘റിമയില്‍ ഞാന്‍ കണ്ടത് എന്റെ ലിനിയെ ‘ കരച്ചിലടക്കാനായില്ല ; ‘വൈറസി’നെകുറിച്ച് സജീഷ്

കേരളത്തെ ഭീതിയിലാഴ്ത്തി കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പിന്നിട്ടു. ഇക്കാലത്ത് ഏറ്റവും നൊമ്പരമായി ബാക്കിയായത് സിസ്റ്റര്‍ ലിനിയുടെ മരണമായിരുന്നു. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടിയെ കേരളവും ലോകവും ആദരിച്ചു. ഒരു വര്‍ഷത്തിന് ഇപ്പുറം വൈറസിലൂടെ ലിനിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ കണ്ണീരുമായല്ലാതെ കണ്ടുതീര്‍ക്കാനാവില്ല.

മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, മക്കളെ സംരക്ഷിക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ റിമ മികച്ചതാക്കുന്നു.

എന്നാല്‍ റിമയുടെ കഥാപാത്രത്തെ കണ്ടപ്പോള്‍ തനിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് ഭര്‍ത്താവ് സജീഷ്. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ്, റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നെന്നും സജീഷ് ഫെയ്സ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

സജീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ ”വൈറസ്” സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓര്‍മ്മ വീണ്ടും മനസ്സില്‍ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയിതാക്കള്‍ അല്ലായിരുന്നു എന്റെ മുന്‍പില്‍ പകരം റിയല്‍ ക്യാരക്ടേര്‍സ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. ലിനിയോടുളള സ്‌നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ്, റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു.

ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാമ്പ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓര്‍മ്മകള്‍ തിരശീലയില്‍ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു.പാര്‍വ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ് ഭാസിയും സൗബിന്‍ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂര്‍ണ്ണിമ ചേച്ചിയും ഇന്ദ്രന്‍സ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങള്‍ സമ്മാനിച്ചു. സിനിമ കാണുന്നതിന് മുന്‍പ് എല്ലാവരെയും നേരില്‍ കാണാനും ഒത്തു കൂടാനും കഴിഞ്ഞതില്‍ സന്തോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here