ലോകകപ്പിലെ എക്കാലത്തേയും മികച്ച പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം. ഏറെ നാളായി കാത്തിരുന്ന വമ്പന്മാരുടെ പോരാട്ടം ഇന്ന് ഓവലില്‍ നടക്കുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ഓസ്‌ട്രേലിയ കരുത്തരാണ്. ആദ്യ രണ്ട് കളിയും ജയിച്ചു. ഇന്ത്യ ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ആദ്യ കളിയുടെ പതര്‍ച്ചയുണ്ടായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആധികാരിക ജയമായിരുന്നു ഇന്ത്യയുടേത്. ഇന്നാണ് യഥാര്‍ഥ വെല്ലുവിളി.
കണക്കുകളില്‍ ഓസീസാണ് മുമ്പില്‍. കഴിഞ്ഞ വര്‍ഷം ഇടയ്‌ക്കൊന്ന് തളര്‍ന്നെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് ടീം. വിലക്കുകഴിഞ്ഞ് ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും തിരിച്ചുവന്നത് ടീമിന്റെ കരുത്തുകൂട്ടി. രണ്ടാമത്തെ കളിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഓസീസ് പതറിയപ്പോള്‍ സ്മിത്താണ് ടീമിനെ തോളേറ്റിയത്. അഫ്ഗാനിസ്ഥാനെതിരെ ഓസീസിന്റേത് സമ്പൂര്‍ണ ജയമായിരുന്നു.
ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ ആയുധം. ബുമ്രയെ ഓസീസ് ഭയക്കുന്നുണ്ട്. ഏത് പ്രതലത്തിലും ഈ പേസര്‍ക്ക് ബാറ്റ്‌സ്മാനെ പരീക്ഷിക്കാനാകും. സ്പിന്നര്‍ യുശ്വേന്ദ്ര ചഹാലും ഓസീസിനെതിരെ നല്ല പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. ചഹാലിന്റെ സ്പിന്‍ കൂട്ടാളി കുല്‍ദീപ് യാദവിനെ ചിലപ്പോള്‍ പുറത്തിരുത്തിയേക്കും. പകരം പേസര്‍ മുഹമ്മദ് ഷമി കളിക്കാന്‍ സാധ്യതയുണ്ട്.
Get real time update about this post categories directly on your device, subscribe now.