കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; സാവകാശം ആവശ്യപ്പെട്ട് ജോസ് കെ മാണി സ്പീക്കര്‍ക്ക് കത്ത് നല്‍കും

കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കും. പത്തു ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് വിപ്പ് റോഷി അഗസ്റ്റിന്‍ എംഎല്‍എയാണ് കത്ത് നല്‍കുക. അതേ സമയം, സഭയില്‍ താത്കാലികമായി സ്പീക്കര്‍ കൈകൊണ്ട തീരുമാനം തുടരണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫും കത്തു നല്‍കി. പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്കാണ് മോന്‍സ് ജോസഫ് കത്ത് നല്‍കിയത്.

സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന നിലപാട് ആവര്‍ത്തിച്ച ജോസ് കെ മാണിയാണ് നിയമസഭാ സ്പീക്കര്‍ക്ക് കത്തു നല്‍കുന്ന കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അതിനു ശേഷമാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ പത്ത് ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അറസ്റ്റിനാണ് കത്ത് നല്‍കുക.

അതേസമയം, പാര്‍ട്ടിയിലെ എം എല്‍ എ മാരുമായി ചര്‍ച്ച ചെയ്ത ശേഷം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫും സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സമയം ചോദിച്ചതിനൊപ്പം താത്കാലികമായി സ്പീക്കര്‍ കൈകൊണ്ട തീരുമാനം തുടരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമവായത്തിനായി മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുമ്പോഴും സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ആവശ്യം ജോസ് കെ മാണി ആവര്‍ത്തിക്കുന്നത് പാര്‍ട്ടിയെ പിളര്‍ത്താനാണെന്നാണ് ജോസഫ് പക്ഷത്തിന്റെ ആക്ഷേപം. ജനാധിപത്യത്തോടുള്ള ഭയമാണ് ജോസഫ് വിഭാഗത്തിന്റെ ഈ ആക്ഷേപത്തിന് പിന്നിലെന്ന് ജോസ് കെ മാണി വിഭാഗത്തിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News