ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ സാക്ഷി മൊഴി ശാസ്ത്രീയമായി പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

സാക്ഷി മൊഴി ശരിയോ എന്ന് ഉറപ്പിക്കാന്‍ സാക്ഷികളുടെ ടവര്‍ വിശദാംശങ്ങള്‍ ശേഖരിക്കും സാക്ഷി പറഞ്ഞവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്നറിയാനാണ് ടവര്‍ ലെക്കേഷന്‍ പരിശോധന നടത്തുന്നത് .

ആദ്യം ലഭിച്ച ഫോറന്‍സിക്ക് പരിശോധനാ ഫലം ക്രൈംബ്രാഞ്ച് അവലോകനം ചെയ്തു

ബാലഭാസ്‌ക്കറിന്റെ അപകടത്തിന് ശേഷം സംഭവസ്ഥലത്ത് എത്തിയ സാക്ഷികളില്‍ പലരും പരസ്പര വിരുദ്ധമായി മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് സാക്ഷി മൊഴി ശരിയോ എന്ന് ഉറപ്പിക്കാന്‍ സാക്ഷികളുടെ ടവര്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് .

അപകട ദിവസം പുലര്‍ച്ച 2.30 മുതല്‍ 3.30 വരെയുളള എല്ലാ കോള്‍ വിശദാംശങ്ങളും ശേഖരിക്കും.

അപകട സ്ഥലത്തെ ടവര്‍ ലെക്കേഷനിലൂടെ കടന്ന് പോയ എല്ലാ കോള്‍ , മെസേജ് വിശദാംശങ്ങളാണ് ശേഖരിക്കുക സാക്ഷികളായി മൊഴി നല്‍കിയവരേയും ക്രൈംബ്രാഞ്ച് സംശയ പട്ടികയില്‍ ഉള്‍പെടുത്തിയ ചിലരുടെയും കോള്‍ വിശദാംങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട് .

ആദ്യം ലഭിച്ച ഫോറന്‍സിക്ക് പരിശോധാഫലം കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ അവലോകനം ചെയ്തു.

ഒരുരുത്തര്‍ക്കും ഏറ്റ പരിക്കുകള്‍ വെച്ച് ആരൊക്കെ ഏതൊക്കെ സീറ്റുകളില്‍ ഇരിക്കാനാണ് സാധ്യതയെന്നാണ് പ്രധാനമായും അവലോകനം ചെയ്തത്.

ഇടിയുടെ ആഘാതത്തില്‍ എയര്‍ബാഗ് തുറന്നതിനാല്‍ ഡ്രൈവര്‍ സീറ്റിലും ,മുന്‍ വശത്തെ സീറ്റിലും ഇരുന്നവരുടെ മുഖത്തും നെഞ്ചത്തും പരിക്കുണ്ടാവില്ല എന്നാണ് ഉരുത്തിരിഞ്ഞ നിഗമനങ്ങളില്‍ ഒന്ന്.

അതിനാല്‍ തന്നെ കാലിനും ,വയറ്റിലും പരിക്കേറ്റ ലക്ഷ്മിയും, ഇടുപ്പെല്ലിന് പരിക്കേറ്റ അര്‍ജ്ജുനും മുന്‍ സീറ്റുകളിലാണ് ഇരുന്നതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

എന്നാല്‍ വിലയിരുത്തിയ നിഗമനം ഉറപ്പിക്കണമെങ്കില്‍ ഡ്രൈവര്‍ സീറ്റിലെ ഹെഡ് റെസ്റ്റില്‍ പറ്റി പിടിച്ച മുടി ആരുടെതെന്ന ഫോറന്‍സിക്ക് ഫലം ലഭിക്കേണ്ടതുണ്ട് .

അത് ലഭിച്ച ശേഷം അര്‍ജ്ജുനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യനാണ് ക്രൈംബ്രാഞ്ച് നീക്കം