ഓട്ടിസമുള്ള കുട്ടികളുണ്ടാവാന്‍ കാരണം, മാതാപിതാക്കളുടെ പ്രവര്‍ത്തി ഫലമാണെന്ന് അഭിപ്രായപ്പെട്ട ഡൊമിനിക് വളമനാലിന്റെ വാക്കുകളെ വിമര്‍ശിച്ച് ഡോ. ജിനേഷ് പി.എസ്.

സ്വയംഭോഗം ചെയ്തിരുന്നവര്‍, മദ്യപിച്ചിരുന്നവര്‍, പുകവലിച്ചിരുന്നവര്‍, സ്വവര്‍ഗരതി, ബ്ലൂഫിലിം കണ്ടിട്ടുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഓട്ടിസം വരുമെന്നാണ് ഡൊമിനിക് പ്രസംഗിച്ചത്.

ഇതിനാണ് ഡോക്ടറുടെ മറുപടി:

ഓട്ടിസം ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ച് ഡൊമിനിക് വളമനാല്‍ പറഞ്ഞത് കേട്ടിരുന്നോ ?

സ്വയംഭോഗം ചെയ്തിരുന്നവര്‍, മദ്യപിച്ചിരുന്നവര്‍, പുകവലിച്ചിരുന്നവര്‍, സ്വവര്‍ഗരതി, ബ്ലൂഫിലിം കണ്ടിട്ടുള്ളവര്‍… ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഓട്ടിസം വരും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഓട്ടിസം ഉള്ള കുട്ടികളുടെ മാതാപിതാക്കളെ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആ കുരുന്നുകള്‍ മൃഗങ്ങളെപ്പോലെയാണ്, കാരണം മൃഗങ്ങള്‍ക്ക് സംസാരശേഷി ഇല്ലല്ലോ എന്നാണിയാള്‍ വിശേഷിപ്പിച്ചത്.

നമ്മുടെ നാട്ടിലെ കാര്യങ്ങളെ കുറിച്ച് ഒന്നുമല്ല ഇത്തരം വിശേഷം. അയര്‍ലന്‍ഡ് സന്ദര്‍ശനത്തെ കുറിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. ഓട്ടിസമുള്ള ഒരു കുട്ടിയുടെ അസുഖം അദ്ദേഹം പ്രാര്‍ത്ഥനയിലൂടെ മാറ്റി എന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.

ഓട്ടിസം ഉണ്ടാവാന്‍ ഉള്ള പ്രധാന കാരണങ്ങള്‍ ജനിതകപരം ആണ്. ജനറ്റിക് മ്യൂട്ടേഷന്‍ ഒരു കാരണമാണ്. ഇതിനെക്കുറിച്ചൊക്കെ സയന്‍സ് പഠിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം കൂടുതല്‍ അറിവുകള്‍ കരഗതമായിരിക്കിക്കൊണ്ടിരിക്കുന്നു. പുതിയ പഠനങ്ങളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

റഫ്രിജറേറ്റര്‍ മദര്‍ എന്ന ഒരു ആശയം ഉണ്ടായിരുന്നു. മാതാവിന് ഊഷ്മളത ഇല്ലാത്തതിനാലാണ് കുട്ടിക്ക് ഓട്ടിസം വരുന്നത് എന്നായിരുന്നു ഈ കണ്‍സെപ്റ്റ്. 1950-60 കളില്‍ ആയിരുന്നു. തത്വം പൂര്‍ണ്ണമായും തെറ്റാണ് എന്ന് കണ്ടെത്തിയിരുന്നു.

ഓട്ടിസം ഒരു പ്രത്യേക അവസ്ഥയാണ്. സമൂഹം എന്ന നിലയില്‍ കുട്ടിക്കും കുടുംബത്തിനും പിന്തുണ കൊടുക്കേണ്ട അവസ്ഥ. അത് മനുഷ്യത്വപരമായ കടമയാണ്. ഏറ്റവും മികച്ച തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് കുട്ടികളെ സ്വയംപര്യാപ്തരാക്കുകയാണ് വേണ്ടത്. അവിടെയാണ് ആത്മീയ വ്യാപാരികള്‍ മിഥ്യയായ പാപബോധം സൃഷ്ടിച്ചുകൊണ്ട് കുട്ടികളുടെ മാതാപിതാക്കളെ മാനസികമായി പീഡിപ്പിക്കുന്നത്. മനുഷ്യത്വ വിരുദ്ധതയാണ് ഇവര്‍ കാണിച്ചുകൂട്ടുന്നത്.

മുന്‍പൊരിക്കല്‍ വളരെയധികം കം കൊട്ടിഘോഷിക്കപ്പെട്ടിരുന്ന രജത് കുമാര്‍ ഇതുപോലെ മനുഷ്യത്വവിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് എതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കപ്പെട്ടിരുന്നു.

ഡൊമിനിക് വളമനാല്‍ അയര്‍ലണ്ടില്‍ വീണ്ടുമെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് പലരും. ഇങ്ങനെ സംസാരിച്ച ഒരാളെ ഇനി അയര്‍ലണ്ടില്‍ അനുവദിക്കരുത് എന്ന് ഒരു ആര്‍ച്ച് ബിഷപ്പ് തന്നെ ആവശ്യപ്പെട്ടതായി വായിച്ചിരുന്നു. ഇത്തരം മനുഷ്യത്വ വിരുദ്ധ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരിക തന്നെ വേണം.

ഓട്ടിസമുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളുടെ അവസ്ഥ നമുക്കറിയാം. അത്രയേറെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. അവരുടെ കുഴപ്പം മൂലമാണ് കുട്ടിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് കുറ്റപ്പെടുത്തലുകള്‍ പരസ്യമായും രഹസ്യമായും ഉണ്ടാവാറുണ്ട്. അവര്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളിലേക്ക് തീ കോരിയിടുകയാണിവര്‍. അങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് കൂടുതല്‍ ശക്തി പകരുകയാണ് ഡൊമിനിക് വളമനാലിനെ പോലെയുള്ളവര്‍. ഇത്തരം മനുഷ്യത്വ വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ മാപ്പ് പറയേണ്ടതുണ്ട്. സമൂഹത്തോടാണ് മാപ്പ് പറയേണ്ടത്, ഏറ്റവും കുറഞ്ഞത് ആ മാതാപിതാക്കളോടെങ്കിലും.

പക്ഷേ മതത്തിന്റെ വളക്കൂറുള്ള മണ്ണിലെ ആത്മീയ വ്യാപാരി ആയതിനാല്‍ എതിര്‍പ്പുകള്‍ തുലോം കുറവാണ്. അത് പാടില്ല. മനുഷ്യത്വ വിരുദ്ധതയുടെ അപ്പസ്‌തോലന്മാരെ തിരുത്തുക തന്നെ വേണം.