കത്വ പീഡനം; ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ഒരാളെ വെറുതെവിട്ടു; ശിക്ഷാവിധി ഉടന്‍


ജമ്മു: കത്വ കൂട്ടബലാത്സംഗക്കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി.

ഗ്രാമത്തലവന്‍ സഞ്ജി റാം, ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, പൊലീസുകാരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, തിലക് രാജ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ കോടതി വെറുതെവിട്ടു. സംഭവം നടക്കുന്ന സമയത്ത് താന്‍ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് ഇയാള്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കി. തുടര്‍ന്നാണ് ഇയാളെ കോടതി വെറുതെ വിട്ടത്.

പ്രതികളുടെ ശിക്ഷ ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രഖ്യാപിക്കും.

2018 ജനുവരിയിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം.

ജനുവരി 17നാണ് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയത്. സഞ്ജി റാം പൂജാരിയായ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ തടവിലിടുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തത്.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്.

കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്നതിനായി ജനപ്രതിനിധികളടക്കം രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here