സഹകരണ മേഖലയില്‍നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; 2 ലക്ഷം വരെയുള്ള കാര്‍ഷിക കടം എഴുതി തള്ളും

തിരുവനന്തപുരം: സര്‍ഫാസി നിയമം ഭാവിയില്‍ സഹകരണ ബാങ്കുകള്‍ക്ക് ബാധകമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മൊറട്ടോറിയം മറികടന്ന് ജപ്തി നടപടി കൈകൊള്ളുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 2 ലക്ഷം വരെയുള്ള കാര്‍ഷിക കടം എഴുതി തള്ളാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നതായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും സഭയില്‍ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ സര്‍ഫാസി നിയമമാണ് സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ നിയമം സഹകരണ ബാങ്കുകള്‍ക്ക് ബാധകമാകാതിരിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രഖ്യാപിച്ചു.

സഹകരണ ബാങ്കുകള്‍ക്ക് കൂടി സര്‍ഫാസി നിയമം ബാധകമാക്കിയത് 2003 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും സഭയെ അറിയിച്ചു.

മൊറട്ടോറിയം മറികടന്ന് ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കര്‍ഷകര്‍ക്കിടയില്‍ അനാവശ്യ ഭീതിയുണ്ടാക്കരുതെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News