തിരുവനന്തപുരം: സുനാമി പുനരധിവാസ പദ്ധതി പ്രദേശത്തെ കുടിവെള്ള മാലിന്യ നിര്‍മ്മാര്‍ജന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

എം. നൗഷാദിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .

2004ലെ സുനാമി ദുരന്തത്തെ തുടര്‍ന്ന് വീടുകളും വസ്തുക്കളും നഷ്ടപ്പെട്ട 9 ജില്ലകളിലുമുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പുനരധിവാസ പദ്ധതി പ്രകാരം വീടുകളും ഫ്ളാറ്റുകളും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

എന്നാല്‍ കോളനികളില്‍ പലയിടങ്ങളിലും കുടിവെള്ളക്ഷാമം, ഡ്രെയിനേജ് സംവിധാനത്തിലെ പോരായ്മ, സെപ്റ്റിക്ടാങ്ക് കവിഞ്ഞൊഴുകല്‍, മഴക്കാലത്ത് വെള്ളക്കെട്ട് ഇവ ഉണ്ടാക്കുന്നുവെന്നും അത് സുനാമി ഫണ്ടുപയോഗിച്ച് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിവേദനങ്ങള്‍ ലഭിക്കുന്നുണ്ട്.

സുനാമി പുനരധിവാസ പദ്ധതി ഒരു തുടര്‍പദ്ധതിയല്ലാത്തതിനാല്‍ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിവരുന്നില്ല.

കാലാകാലങ്ങളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വന്ന സാഹചര്യമാണ് ഉണ്ടായത്.

ഇതിന് പരിഹാരമെന്ന നിലയില്‍ ഗുണഭോക്തൃസമിതികളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടുകൂടി മാലിന്യ നിര്‍മ്മാര്‍ജ്ജനവും സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും പരിഹരിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച കോളനികളിലെ മാലിന്യനിര്‍മ്മാര്‍ജ്ജനം, സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍, ചുറ്റുമതില്‍ നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെയും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പിനെയും ചുമതലപ്പെടുത്തി ഉത്തരവായിട്ടുണ്ട്.