കത്വ പീഡനക്കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം. പഠാന്‍കോട്ട് സെഷന്‍സ് കോടതിയുടേതാണ് വിധി. ഗ്രാമത്തലവന്‍ സഞ്ജി റാം, പര്‍വേഷ് കുമാര്‍, പൊലീസുകാരനായ ദീപക് കജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, തിലക് രാജ് എന്നീ മൂന്ന് പേരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ മുഖ്യ സൂത്രധാരനായ സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ കോടതി വെറുതെവിട്ടു. സംഭവം നടക്കുന്ന സമയത്ത് താന്‍ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് ഇയാള്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കി. തുടര്‍ന്നാണ് ഇയാളെ കോടതി വെറുതെ വിട്ടത്.

2018 ജനുവരി 17നാണ് രാജ്യത്തെ നടുക്കിയ സംഭവം. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയത്. സഞ്ജി റാം പൂജാരിയായ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ തടവിലിടുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തത്.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്.

കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്നതിനായി ജനപ്രതിനിധികളടക്കം രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.