മലപ്പുറം മഞ്ചേരിയില്‍ വന്‍ കഞ്ചാവു വേട്ട. ചില്ലറ വില്‍പനയ്‌ക്കെത്തിച്ച 18 കിലോ കഞ്ചാവുമായി കാസര്‍ഗോട് സ്വദേശി പിടിയില്‍. വിദ്യാര്‍ത്ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വെച്ചാണ് കഞ്ചാവെത്തുന്നത്.

ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് മലപ്പുറത്തെന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു തുടര്‍ച്ചയായ പരിശോധനകള്‍.
മഞ്ചേരി ലഹരി വിരുദ്ധ സേനയുടെ തന്ത്രപരമായ നീക്കത്തിലാണ് കഞ്ചാവ് ശേഖരവുമായി കാസര്‍കോട് സ്വദേശി കുടുങ്ങിയത്.

കുന്നക്കാട് പാമ്പനാല്‍ സ്വദേശി ബാബു സെബാസ്റ്റ്യന്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നു 18.230 കിലാഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. കഞ്ചാവുമായി ബസിലെത്തിയ ബാബു സെബാസ്റ്റിയനെ സി ഐ എന്‍ ബി ഷൈജു, എസ്‌ഐ ഇ ആര്‍ ബൈജു എന്നിവരാണ് പിടികൂടിയത്.

ആന്ധ്രയില്‍ നിന്നുതന്നെ കൊണ്ടുവന്ന പത്ത് കിലോ കഞ്ചാവ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഞ്ചേരിയിലെ ചില്ലറ വില്‍പനക്കാര്‍ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇവരുടെ ഫോണ്‍ വിവരങ്ങളും സന്ദേശങ്ങളും പിന്തുടര്‍ന്നാണ് സെബാസ്റ്റ്യനെ വലയിലാക്കിയത്. വിദ്യാര്‍ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമായിരുന്നു ലക്ഷ്യം. അറസ്റ്റിലായ ബാബു സെബാസ്റ്റിയനെ കോടതിയില്‍ ഹാജരാക്കി. പോലീസ് തുടരന്വേഷണവും ആരംഭിച്ചു