സിനിമ പ്രേമികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരു കൊച്ചു ചിത്രമെന്ന് ‘ഇക്രു’വിനെ വിശേഷിപ്പിക്കാമെങ്കിലും അവതരണത്തിലൂടെയും പെര്‍ഫെക്ഷനിലൂടെയും തഴക്കം വന്ന ഒരു സംവിധായകന്റെ മികവ് കാണിച്ചിരിക്കുകയാണ് സംവിധായകന്‍ സനു വര്‍ഗീസ്.

അമ്പിളി മാമനെ പിടിച്ചു തരാമെന്ന് പറഞ്ഞ് ചോറു കഴിപ്പിക്കുന്ന ഒരു ബാല്യം അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല.

അമ്പിളി മാമനെ പിടിക്കുക എന്നത് അസാധ്യമെന്ന് തിരിച്ചറിയുന്ന പ്രായത്തിലൂടെ കടന്നുപോകുന്നവരും പക്ഷെ അതെ പഴമൊഴി പുതു തലമുറയോടും ആവര്‍ത്തിക്കാറുണ്ട്.

അതുപോലെ എല്ലാ പ്രതിസന്ധികളിലും ദൈവം കൂട്ടിനുണ്ടാവുമെന്ന് പറഞ്ഞ് പഠിപ്പിക്കാത്ത ഒരു ബാല്യവും നമുക്കുണ്ടാവില്ല.

അതിമനോഹരമായ ബാല്യത്തിന്റെ നിഷ്‌കളങ്കതയിലേക്ക് ഒരിക്കല്‍ കൂടി പ്രേക്ഷകനെ കൂട്ടികൊണ്ടു പോകുകയാണ് ഇക്രുവെന്ന ഈ ഹ്രസ്വ ചിത്രം.

 

തൊട്ടപ്പന്‍, ലോനപ്പന്റെ മാമ്മോദീസ, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മാസ്റ്റര്‍ ഡാവിഞ്ചി സതീഷ് ഇക്രുവായി ചിത്രത്തില്‍ ജീവിക്കുകയായിരുന്നു.

ഇക്രുവിന്റെ പ്രകടനം പ്രേക്ഷകന്റെ കണ്ണുനിറയ്ക്കുമെന്നതിലും സംശയമില്ല.

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ രമേഷ്, ജിത്തു ജോണ്‍സണ്‍ എന്നിവരുടെ പ്രകടനവും ചിത്രത്തിന് കരുത്തുപകര്‍ന്നു.

മികച്ച ഏതൊരു ചിത്രത്തിന് പിന്നിലും കരുത്തുള്ള ഒരു തിരക്കഥ ഉണ്ടാവണം.

ഇക്രുവിന് തിരക്കഥയൊരുക്കി കരുത്ത് പകര്‍ന്നതും ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നിന്ന ജിത്തു ജോണ്‍സണ്‍ തന്നെയാണ്.

ഇക്രുവിന്റെ മൂഡിന് അനോയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കി ഗോഡ്വിന്‍ ജിയോ സാബു തെളിയിച്ചത് മലയാള സിനിമയ്ക്ക് ഒരു പുതുമുഖത്തെയാണ്.

മികച്ച ഛായാഗ്രഹണത്തിലൂടെ അന്‍വിന്‍ വര്‍ഗീസും, ശബ്ദലേഖനത്തിലൂടെ വിഘ്‌നേഷ് എസും, മിഥുന്‍ രാജ്, അഞ്ജു കൃഷ്ണന്‍ എന്നിവരും ഇക്രുവിനെ മികച്ചതാക്കുന്നതില്‍ മുന്നിട്ട് നിന്നവരാണ്.

ചിത്രസംയോജനത്തിലൂടെ ഇക്രുവിനെ പൂര്‍ണതയില്‍ എത്തിച്ചത് സംവിധായകന്‍ സനു വര്‍ഗീസ് തന്നെ എന്നതും ഏറെ ശ്രദ്ധേയം.