പൊലീസ് കമ്മിഷണറേറ്റ് രൂപീകരണത്തിലുറച്ച് സര്‍ക്കാര്‍; പൊലീസിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി

പൊലീസ് കമ്മിഷണറേറ്റ് രൂപീകരണ തീരുമാനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. പൊലീസിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മോദിപ്പേടി പോലെ കേരളത്തില്‍ പിണറായിപ്പേടിയില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കി. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കമ്മിഷണറേറ്റ് രൂപീകരണത്തിലൂടെ പൊലീസിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണിത്. ക്രമസമാധാന പാലനത്തെയും കുറ്റാന്വേഷണത്തേയും പുതിയ സംവിധാനം മെച്ചപ്പെടുത്തുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മജിസ്റ്റീരിയില്‍ അധികാരം നല്‍കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് യുഡിഎഫ് തീരുമാനം മാറ്റിവച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിയുടെ പരാജയ കാരണം മോദിപ്പേടിക്കൊപ്പം പിണറായിപ്പേടിയുമാണെന്ന് കെസി ജോസഫിനുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു-

‘യോഗിയെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവിടെ ആ സ്ഥിതിയില്ല. വര്‍ഗീയ ചേരിതിരിവിന് ആഹ്വാനം നടത്തിയ മാധ്യമ പ്രവര്‍ത്തകരുണ്ട്. അവര്‍ക്കു നേരേ ആരും ഇറങ്ങിയില്ല. അവര്‍ ഇപ്പോഴും ആ ജോലി അതു പോലെ ചെയ്യുന്നു. പേടിയുടെ അന്തരീക്ഷം ഇവിടെയില്ല’

പെരിയ കൊലപാതക കേസില്‍ സിബിഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. സിഒടി നസീര്‍ വധശ്രമക്കേസില്‍ നസീറിന്റെ മൊഴി എടുത്തില്ലെന്ന ആരോപണം ശരിയല്ല. സംസ്ഥാനത്ത് കൂടി വരുന്ന സ്വര്‍ണക്കടത്തില്‍ കര്‍ശന നടപടിയുണ്ടാകും. ബാലഭാസ്‌കര്‍ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നും ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here