ന്യൂഡല്‍ഹി : അപമാനഭാരത്താല്‍ രാജ്യം തലകുനിച്ച കഠ്വ കൂട്ടബലാത്സംഗകേസ് മൂടിവയ്ക്കാനുള്ള നീക്കം പരാജയപ്പെടുത്തിയത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ഇടപെടല്‍. ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് അകത്തും പുറത്തും തരിഗാമിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ശക്തമായി രംഗത്തുവന്നു. ക്രൂരമായ കൊലപാതകം ജനശ്രദ്ധയിലെത്തിക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാനും ഈ ഇടപെടലാണ് വഴിവച്ചത്.

2018 ജനുവരി 17ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ തരിഗാമി ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചു. എന്നാല്‍, ശ്രദ്ധക്ഷണിക്കല്‍ പ്രമേയം സര്‍ക്കാര്‍ അവഗണിച്ചു. തുടര്‍ന്ന് നിയമസഭയ്ക്കു പുറത്ത് സിപിഐ എം പോരാട്ടം ഏറ്റെടുത്തു. ജമ്മുവിലുള്ള സിപിഐ എം നേതാക്കള്‍ കുട്ടിയുടെ വീട്ടിലെത്തി. ദാരുണ സംഭവത്തില്‍ ഉലഞ്ഞുപോയ കുടുംബത്തിന് അനുകൂലമായ ആദ്യ രാഷ്ട്രീയ ഇടപെടലായിരുന്നു അത്.തുടര്‍ന്ന് കുടുംബത്തിന് നീതിതേടി ജമ്മുവില്‍ പാര്‍ടി നേതാക്കള്‍ നിരാഹാരസമരം നടത്തി. ആ സമയത്തൊന്നും സര്‍ക്കാരും മറ്റ് രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും വിഷയം പരിഗണിച്ചതേയില്ല.

ഫെബ്രുവരിയില്‍ തരിഗാമി നിയമസഭയില്‍ വിഷയം നിരന്തരം ഉന്നയിച്ചു.സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ജനകീയസമ്മര്‍ദത്തെതുടര്‍ന്ന് പൊലീസിന്റെ ഇടപെടലുണ്ടായി. കേസ് അട്ടിമറിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും സംഘപരിവാര്‍ നടത്തിയ നീക്കങ്ങളെ തരിഗാമിയും ജമ്മുവിലെ സിപിഐ എം നേതാവ് ശ്യാംപ്രസാദ് കേസറും തുറന്നുകാട്ടി. ബിജെപി മന്ത്രിയും എംഎല്‍എയും അവരുടെ നേതൃത്വത്തിലുള്ള ഹിന്ദു ഏക്താ മഞ്ചും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് സംസ്ഥാനത്ത് ചര്‍ച്ചയായി. മാര്‍ച്ച് ആദ്യം സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനം വിളിച്ചു. എട്ടു വയസ്സുകാരിക്ക് നീതിക്കായി പോരാടാന്‍ ആഹ്വാനംചെയ്തു. സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയും പെണ്‍കുട്ടിക്കുവേണ്ടി രംഗത്തുവന്നു. കേസ് അട്ടിമറിക്കാതിരിക്കാന്‍ ജമ്മുവിനു പുറത്ത് വാദം കേള്‍ക്കണമെന്ന ആവശ്യവും സിപിഐ എം ഉയര്‍ത്തിക്കൊണ്ടുവന്നു.

കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട അഭിഭാഷക ദീപികസിങ് രജാവത്താണ് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഇടപെട്ട മറ്റൊരു വ്യക്തി. കഠ്വ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പൊലീസിനെ തടയാനാണ് സംഘപരിവാര്‍ അഭിഭാഷകര്‍ ശ്രമിച്ചത്. ബിജെപിയുടെ ഭീഷണിയും സമ്മര്‍ദവും കാരണം കേസ് ഏറ്റെടുക്കാന്‍ മറ്റ് അഭിഭാഷകര്‍ തയ്യാറായതുമില്ല. ഹിന്ദുത്വ തീവ്രവാദികളും ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് സലാതിയ അടക്കമുള്ളവരും ഉയര്‍ത്തിയ ഭീഷണി മറികടന്നാണ് ദീപിക സിങ് രജാവത് പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരായത്. താന്‍ കൊല്ലപ്പെട്ടേക്കാമെന്നും എന്നാല്‍ അവസാന നിമിഷംവരെ കുട്ടിക്കുവേണ്ടി പോരാടുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് ഏറ്റെടുത്തതുമുതല്‍ ഭീഷണിയും അധിക്ഷേപവും സ്വാധീനിക്കാനുള്ള ശ്രമവും ശക്തമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഇടപെടലില്‍ ശക്തമായ സുരക്ഷയിലാണ് ദീപിക കേസില്‍ ഹാജരായത്.