കൊച്ചി: ദിവസങ്ങള്‍ കഴിയുംന്തോറും നിപ ആശങ്ക ഭീതി ഒഴിയുകയാണ്.നിപ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ പരിശോധനാ ഫലം ഇന്നറിയാം.  കളമശേരിയിലും തൃശൂരിലുമായി കഴിയുന്നവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വരിക. അതേസമയം
വൈറസ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.  പരസഹായമില്ലാതെ വിദ്യാര്‍ത്ഥി നടക്കാനും തുടങ്ങി.

വൈറസ് ബാധയുടെ സംശയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഏഴ് പേരില്‍ ഒരാളെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, മറ്റൊരാളെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. ഇയാള്‍ക്ക് പുറമെ തൃശ്ശൂരിലെ ആശുപത്രിയില്‍ ഉള്ള ഒരാളുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിപ ബാധിതനുമായി ഇടപഴകിയ 329 പേര്‍ക്കും നിപ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ഇരുപത്തിയൊന്ന് ദിവസം ജാഗ്രതാ തുടരാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താനായി പറവൂരിലും തൊടുപുഴയിലുമായി വൗവ്വാലുകളെ പിടികൂടി ശ്രവസാമ്പിളുകള്‍ ശേഖരിച്ച് വരികയാണ്.