ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം.

ബാലഭാസ്‌ക്കര്‍, ഭാര്യ ലക്ഷ്മി, പ്രകാശ് തമ്പി, വിഷ്ണു, പൂന്തോട്ടത്തില്‍ ലത, ലതയുടെ ഭര്‍ത്താവ് ഡോക്ടര്‍ രവീന്ദ്രന്‍, മകന്‍ ജിത്തു, ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ തുടങ്ങി എട്ടോളം പേരുടെ സാമ്പത്തിക വിശദാംശം തേടിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയത്.

ഇവര്‍ക്ക് ഏതൊക്കെ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെന്ന് അറിയിക്കണം എന്നാണ് കത്തില്‍ പറയുന്നത്. പ്രാഥമിക മൊഴിയെടുപ്പില്‍ 5 ദേശസാല്‍ക്യത ബാങ്കില്‍ മാത്രമേ ബാലഭാസ്‌ക്കറിന് അക്കൗണ്ട് ഉള്ളു എന്നാണ് ലഭ്യമായ വിവരം. ഇതൊടൊപ്പം സംശയമുള്ളവരുടെ ഇന്‍ഷുറന്‍സ് നിക്ഷേപങ്ങള്‍, ഓഹരി വ്യാപാരം ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങളും നേടും.

സംശയമുള്ളവരുടെ ഭൂമി ഇടപ്പെടലുകളുടെ വിശദാംശം തേടി കളക്ടര്‍മാര്‍ക്കും കത്ത് നല്‍കി. ബാലഭാസ്‌ക്കര്‍, അദേഹവുമായി അടുപ്പമുള്ളവര്‍ എന്നീവരുടെ ഭൂമി ഇടപാടുകള്‍ ആണ് പരിശോധിക്കുക. ഇവരുടെ പേരില്‍ സംസ്ഥാനത്ത് എവിടെയെങ്കിലും ഭൂമിയുണ്ടോ എന്ന് ചോദിച്ചുകൊണ്ട് 14 ജില്ലാ കളക്ടര്‍മാര്‍ക്കും അന്വേഷണ സംഘം കത്തു നല്‍കി.

അതിനിടെ കേസിലെ സാക്ഷിയായ ഡ്രൈവര്‍ അജിയുടെ മൊഴി ഒരിക്കല്‍ കൂടി അന്വേഷണ സംഘം രേഖപ്പെടുത്തി. വാഹനം ഓടിച്ചത് ബാലഭാസ്‌ക്കര്‍ തന്നെയെന്ന് ഉറപ്പിച്ച് പറയുന്ന ഏക സാക്ഷിയാണ് അജി.