കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ജീവിക്കുന്ന ഒരു ദുരന്ത ചിത്രമായിരുന്നു ഗണേഷ് റാവുവിന്റെ കുടുംബം. ആ കുടുംബ ചിത്രത്തില്‍ ഇനി ഗണേഷ് റാവുവില്ല. സുമിത്രയും അരുണ്‍ കുമാറും സൗമ്യയും മാത്രം.

എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത നാടിനെക്കുറിച്ച് ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ ഡോ. ബിജുവിന് ആ ചലച്ചിത്ര യാത്രയിലെ ഏറ്റവും സങ്കടകരമായ ഓര്‍മ്മയാണ് ഗണേഷ് റാവുവിന്റെ കുടുംബം. ആരും ശ്രദ്ധിച്ചില്ലെങ്കില്‍ ഗണേഷ് റാവു കൂടിയില്ലാത്ത ആ കുടുംബത്തിന്റെ അവസ്ഥ മറ്റൊരു ദുരന്തമാകുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ഡോ. ബിജു ഫേസ്ബുക്കിലെഴുതിയ ഈ കുറിപ്പ് വായിക്കൂ:


‘ഗണേഷ്‌റാവു മരിച്ചു .സുമിത്രയും അരുണ്‍ കുമാറും സൗമ്യയും തനിച്ചായി .ഇന്നലെ രാത്രി ഏറെ വൈകി നിസാം റാവുത്തര്‍ ഫോണില്‍ വിളിച്ചു പറയുമ്പോള്‍ ആണ് വിവരം അറിയുന്നത് . കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ജീവിക്കുന്ന അനേകം ദുരന്ത ചിത്രങ്ങളില്‍ ഏറെ ദുരിതപൂര്‍ണ്ണം ആയ കാഴ്ചയാണ് അരുണ്‍ കുമാറും സൗമ്യയും .

എന്‍ഡോസള്‍ഫാന്‍ ദുരന്തം വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമ ആക്കുമ്പോള്‍ അത് ഒരു എന്റര്‍ടൈനര്‍ ആകരുത് എന്നും , മറിച്ച് ആ ദുരന്തത്തിനിരയായ ജീവിച്ചിരിക്കുന്നവരോടും മരിച്ചു പോയവരോടും , ആ ദുരന്തത്തിന്റെ ചരിത്ര നാള്‍വഴികളോടും നീതി പുലര്‍ത്തുന്നത് ആവണം എന്നും നിര്‍ബന്ധം ഉണ്ടായിരുന്നു . അതുകൊണ്ടു തന്നെ ആ ദുരന്തവുമായി ബന്ധമുള്ള എല്ലാവരെയും പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളെയും യാഥാര്‍ഥ്യത്തില്‍ നിന്നും വിട്ടു പോകാതെ , കാല്‍പ്പനികതയുടെ രസക്കൂട്ട് കൂട്ടിച്ചേര്‍ക്കാതെ ചിത്രീകരിക്കുവാനാണ് ശ്രദ്ധിച്ചത് .

വലിയ ചിറകുള്ള പക്ഷികള്‍ ചിത്രീകരണം ആരംഭിച്ചത് അരുണ്‍ കുമാറിനെയും സൗമ്യയെയും അവരുടെ അമ്മ സുമിത്രയെയും അച്ഛന്‍ ഗണേഷ് റാവുവിനെയും പകര്‍ത്തി കൊണ്ടായിരുന്നു.
വീട്ടിലേക്ക് നടന്നു കയറാന്‍ നല്ല ഒരു വഴി പോലുമില്ലാത്ത വീട്ടില്‍ 2014 ല്‍ ഞങ്ങള്‍ സൗമ്യയെയും അരുണിനെയും പകര്‍ത്താന്‍ ചെല്ലുമ്പോള്‍ സൗമ്യക്ക് ഏതാണ്ട് 17 വയസ്സ് അരുണ്‍ കുമാറിന് 15 .

ഗണേഷ് റാവുവിന്റെയും സുമിത്രയുടെയും ആകെയുള്ള രണ്ടു മക്കള്‍ . രണ്ടുപേരും സംസാരിക്കില്ല , ചെവി കേള്‍ക്കില്ല , കാഴ്ച്ച നന്നേ കുറവ് , നടക്കാന്‍ സാധിക്കില്ല . കൈക്കും കാലുകള്‍ക്കും ബലമില്ലാത്തതിനാല്‍ നിലത്ത് ഇഴഞ്ഞാണ് രണ്ടു പേരും വീട്ടില്‍ സഞ്ചരിക്കുന്നത് . സര്‍ക്കാരിന്റെ പ്ലാന്റേഷനു കീഴിലുള്ള പറങ്കി മാവുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട് .

പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ അനേക വര്‍ഷങ്ങളോളം ഹെലികോപ്റ്ററില്‍ ചുറ്റി തളിച്ച എന്‍ഡോസള്‍ഫാന്‍ ഇവരുടെ വീടുകള്‍ക്കും മീതെ പെയ്തിരുന്നു , ഇവരുടെ കിണറുകളിലും ആ വിഷം പെയ്തിറങ്ങിയിരുന്നു . ജനിക്കുമ്പോള്‍ രണ്ടു കുഞ്ഞുങ്ങളും സാധാരണ പോലെ ആയിരുന്നു എന്നാണ് സുമിത്ര പറഞ്ഞത് .

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അസുഖങ്ങള്‍ കണ്ടു തുടങ്ങി . ഇപ്പോള്‍ രണ്ടു കുട്ടികളും മുറികളില്‍ ഇഴഞ്ഞു നടക്കുന്ന കാഴ്ച്ച ദയനീയമാണ് . കണ്ണ് കാണാത്തതിനാല്‍ അച്ഛനെയും അമ്മയെയും തിരിച്ചറിയുന്നത് മണം കൊണ്ടാണ് .

സംസാരിക്കാന്‍ സാധിക്കില്ല , വിശക്കുമ്പോള്‍ അടുക്കളയില്‍ ഒരു പ്രേത്യേക സ്ഥലത്ത് വന്നിരിക്കും . അപ്പോള്‍ അച്ഛനും അമ്മയ്ക്കും അറിയാം വിശക്കുന്നു എന്ന് .

ഒരു നിമിഷം പോലും ഒറ്റയ്ക്ക് വിട്ടു പോകാനാവാത്ത കുട്ടികള്‍ ആയതിനാല്‍ ഗണേഷ് റാവുവിനും സുമിത്രയ്ക്കും ആ വീട് വിട്ട് ഒരു നിമിഷം പോലും പുറത്തേക്ക് പോകാനോ തൊഴില്‍ ചെയ്യുവാനോ സാധിക്കില്ല .

ആകെയുള്ള വരുമാനം വീട്ടില്‍ വളര്‍ത്തുന്ന ഒന്ന് രണ്ടു പശുക്കള്‍ മാത്രം . ആ വീടിന്റെ അതിരിനപ്പുറം സുമിത്ര സഞ്ചരിച്ചിട്ടു എത്രയോ വര്‍ഷങ്ങളായി . സൗമ്യയോടും അരുണ്‍ കുമാറിനോടും ഒപ്പം വീട്ടിലെ മുറികളില്‍ തന്നെയാണ് സുമിത്രയുടെയും ജീവിതവും ലോകവും .

വലിയ ചിറകുള്ള പക്ഷികളില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത് ഫോട്ടോഗ്രാഫര്‍ മധുരാജിനെ ആണ് . സൗമ്യയുടേയും അരുണ്‍ കുമാറിന്റെയും ഫോട്ടോകള്‍ എടുക്കുന്നതും അമ്മ സുമിത്രയോടും അച്ഛന്‍ ഗണേഷ് റാവുവിനോടും അവരെപ്പറ്റി ചോദിക്കുന്നതുമായ ദൃശ്യങ്ങള്‍ ആണ് അവരുടെ വീട്ടില്‍ വെച്ച് തന്നെ സിനിമയ്ക്ക് വേണ്ടി ആദ്യ ദിനം പകര്‍ത്തിയത് .

കുഞ്ഞുങ്ങളുടെ സ്വാഭാവികതയെ ഒട്ടും അലോസരപ്പെടുത്താതെ അവര്‍ എങ്ങോട്ടൊക്കെ സഞ്ചരിക്കുന്നോ അതനുസരിച്ചു അവരുടെ പിന്നാലെ ചെന്ന് ഫോട്ടോ എടുക്കുകയും മാതാ പിതാക്കളോട് സംസാരിക്കുകയും ചെയ്യുക എന്ന ഒറ്റ ഷോട്ടിലുള്ള ക്യാമറ പിന്തുടരല്‍ ആണ് അവലംബിച്ചത് .

ആ ഷോട്ട് കട്ട് ചെയ്തത് കുഞ്ചാക്കോ ബോബന്‍ അറിയാതെ കരഞ്ഞു തുടങ്ങിയപ്പോള്‍ ആണ് . ഷോട്ട് കട്ട് ചെയ്തു തിരികെ നോക്കിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ മാത്രമല്ല ഏതാണ്ട് ഒട്ടു മിക്ക ക്രൂ അംഗങ്ങളും കരച്ചിലില്‍ ആണ് . അതുവരെ ബൂമുമായി കുഞ്ഞുങ്ങളുടെ പിന്നാലെ ക്യാമറയ്ക്കൊപ്പം സഞ്ചരിച്ചു കൊണ്ടിരുന്ന മുംബൈ നിവാസി ആയ ബൂംമാന്‍ ആരിഫ് ഷോട്ട് കട്ട് ചെയ്തതും പുറത്തേക്കോടി ദൂരെ മാറിയിരുന്ന് കരയാന്‍ തുടങ്ങി.

മറ്റ് പലരും കരച്ചിലടക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. ..പക്ഷെ ഞാന്‍ ആലോചിച്ചിരുന്നത് ആ ഷോട്ടിന്റെ അവസാനം കട്ട് ചെയ്യുന്നതിന്റെ തൊട്ടു മുന്‍പ് സുമിത്ര പറഞ്ഞ വാക്കുകള്‍ ആയിരുന്നു . എന്റെ ഹെഡ് സൈറ്റിലൂടെ ഞാന്‍ ആ വാക്കുകള്‍ കൃത്യമായി കേട്ടിരുന്നു . ചാക്കോച്ചന്‍ അവസാനം ചോദിച്ച ചോദ്യം നിങ്ങളുടെ കാലം കഴിഞ്ഞാല്‍ ഈ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താകും .. അത് ആലോചിച്ചിട്ടുണ്ടോ എന്നായിരുന്നു .

ആ അമ്മ അതിന് മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു . ഞങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം ഇവരെ ഞങ്ങള്‍ നോക്കും . ഞങ്ങള്‍ മരിക്കും മുന്‍പേ ആരെങ്കിലും അവരെ ഏറ്റെടുത്താല്‍ നന്നായിരുന്നു . ഇനി ആരും ഏറ്റെടുത്തില്ലെങ്കില്‍ ഞങ്ങള്‍ മരിക്കുമ്പോള്‍ ഞങ്ങള്‍ അവരെയും കൂടെ കൊണ്ട് പോകും. അല്ലാതെന്ത് ചെയ്യാന്‍ .

ആ ഉത്തരം കേട്ടപ്പോള്‍ കരച്ചിലടക്കാന്‍ വയ്യാതെ ചാക്കോച്ചന്‍ പിന്തിരിഞ്ഞു ഞാന്‍ ക്യാമറാമാന്‍ എം ജെ രാധാകൃഷ്ണന്‍ ചേട്ടന്റെ തോളില്‍ തട്ടി . ക്യാമറ സുമിത്രയുടെ മുഖത്ത് തന്നെ നിര്‍ത്തി കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു . ആ മറുപടി പറഞ്ഞതിന് ശേഷം ഷോട്ട് കട്ട് ചെയ്യുന്നതിന് മുന്‍പ് സുമിത്ര ക്യാമറയ്ക്ക് നേരെ നോക്കി വിഷാദമായ ഒരു ചിരി ചിരിച്ചു . എഡിറ്റിങ് ടേബിളില്‍ വെച്ച് എഡിറ്റര്‍ കാര്‍ത്തിക് പറഞ്ഞു ആ ലുക്ക് ക്യാമറ ലുക്ക് ആണ് . അതിനു മുന്‍പ് നമുക്ക് ഷോട്ട് കട്ട് ചെയ്യാം .

പക്ഷെ ആ ക്യാമറാ ലുക്ക് കട്ട് ചെയ്യേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയത് . ഞങ്ങള്‍ മരിച്ചാല്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ സാധിക്കാത്ത കുട്ടികളെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും എന്ന് ഒരമ്മ പറയുകയാണ് . വേറെ മാര്‍ഗ്ഗമില്ല . അവരുടെ നിസ്സഹായതയ്ക്ക് മുന്നില്‍ എന്ത് ക്യാമറ ലുക്ക് . റീ ടേക്കുകള്‍ ഇല്ലാത്ത ചില ഷോട്ടുകള്‍ ഉണ്ട് .

അത്തരം ഒരു ഷോട്ട് ആണത് . അത് എഡിറ്റ് ചെയ്തു മാറ്റപ്പെടേണ്ടതല്ല . അത് രേഖപ്പെടുത്തേണ്ടത് തന്നെയാണ്. അവര്‍ നോക്കുന്നത് ക്യാമറയിലേക്കല്ല . നമ്മുടെ നേര്‍ക്കാണ് . ഒരു സമൂഹത്തിനോടാണ് ആ ചോദ്യം അവര്‍ ഉയര്‍ത്തുന്നത് . ഒരു സര്‍ക്കാരിനോടാണ് ആ ചോദ്യം ഉയരുന്നത് .

ഒരു സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കീട നാശിനി ദുരന്തത്തില്‍ ജീവിതം പോയ ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളുടെ കാല ശേഷം എവിടെയാണ് നിര്‍ത്തേണ്ടത് . എവിടെയാണ് അവരെ ഉപേക്ഷിക്കേണ്ടത് . ജീവിതത്തിലേക്കോ അതോ ഞങ്ങളോടൊപ്പം മരണത്തിലേക്കോ …….

ഇത് സുമിത്രയുടെ മാത്രം ചോദ്യമല്ല .. എന്‍ഡോ സള്‍ഫാന്‍ ഇരകളായ നൂറു കണക്കിന് കുഞ്ഞുങ്ങളുടെ മാതാ പിതാക്കളുടെ ചോദ്യമാണ് . ഞങ്ങളുടെ കാലശേഷം ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ എന്ത് ചെയ്യണം . ഞങ്ങളോടൊപ്പം മരണത്തിലേക്ക് അവരെയും കൂട്ടി പോകണോ …
ആരാണ് മറുപടി നല്‍കുക . എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഇപ്പോഴും ബാക്കി ആണ് . കാസര്‍ഗോട്ടെ മെഡിക്കല്‍ കോളജ് എന്നത് ഇപ്പോഴും നടപ്പായിട്ടില്ല .

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുഞ്ഞുങ്ങളും അമ്മമാരും ഇപ്പോഴും തങ്ങളുടെ ആനുകൂല്യങ്ങള്‍ക്കായി തിരുവനന്തപുരം വരെ വന്നു സമരം ചെയ്യേണ്ടി വരുന്നു എന്ന ഗതികേടില്‍ ആണ് . ഒട്ടും പരസഹായമില്ലാതെ ജീവിക്കേണ്ട കുഞ്ഞുങ്ങള്‍ക്കായി ഒരു റീ ഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന ആശയം ഇതുവരെയും നടപ്പായിട്ടില്ല. 

വലിയ ചിറകുള്ള പക്ഷികളില്‍ ചിത്രീകരിച്ചിരുന്ന ആളുകളില്‍ ഓരോരുത്തരായി മരണപ്പെട്ടു കൊണ്ടിരിക്കുക ആണ് , അഭിലാഷ് , ശീലാബതി , ദാ ഇപ്പോള്‍ സൗമ്യയുടേയും അരുണ്‍ കുമാറിന്റെയും അച്ഛന്‍ ഗണേഷ് റാവുവും .

ഇനി ആ വീട്ടില്‍ പതിയെ ഇഴഞ്ഞു നടക്കുന്ന സൗമ്യയും അരുണ്‍ കുമാറും അമ്മ സുമിത്രയും മാത്രം . ഈ കുട്ടികളെ ഏതെങ്കിലും സന്നദ്ധ സ്ഥാപനങ്ങളോ സര്‍ക്കാരോ ഏറ്റെടുക്കേണ്ടതുണ്ട് . അതിന് അടിയന്തിര നടപടികള്‍ ഉണ്ടാകണം . സര്‍ക്കാരിന്റെ ശ്രദ്ധ ഉടന്‍ ഉണ്ടാവണം .

ഈ കുഞ്ഞുങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണം . സിനിമയില്‍ പറഞ്ഞ സുമിത്രയുടെ ഉറച്ച വാക്കുകള്‍ മറക്കരുത് . അത് സിനിമയ്ക്ക് വേണ്ടി അവര്‍ പറഞ്ഞതല്ല . അവരുടെ മനസ്സ് തുറന്ന് അവര്‍ പറഞ്ഞതാണ് . ‘ആരും ഏറ്റെടുത്തില്ലെങ്കില്‍ ഞങ്ങള്‍ പോകുമ്പോള്‍ അവരെയും ഞങ്ങള്‍ കൊണ്ട് പോകും.. വേറെ മാര്‍ഗ്ഗം ഒന്നുമില്ലല്ലോ …..’

അതിനിടെ വരുത്താതെ നോക്കുവാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട് . സര്‍ക്കാര്‍ ചെയ്തു വെച്ച ഒരു കീടനാശിനി ദുരന്തത്തിന്റെ ഇരകളാണവര്‍ . അവരുടേതല്ലാത്ത കുറ്റം കൊണ്ട് ജീവിതം ഇല്ലാതായവര്‍ …

സര്‍ക്കാരിന്റെ മാനുഷികമായ ഇടപെടല്‍ ഉണ്ടാകണം. കുട്ടികളുടെ കാര്യത്തില്‍ സാധ്യമായ പുനരധിവാസത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവണം … ഗണേഷ് റാവു മരിച്ചു ആ അമ്മയും കുട്ടികളും ആ ചെറിയ വീട്ടില്‍ ഒറ്റയ്ക്കാണ് …..’