മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ നിയോ ലിബറല്‍ അജന്‍ഡയ്ക്ക് ഗതിവേഗം ലഭിക്കുമെന്നാണ് സൂചനകള്‍: പ്രകാശ് കാരാട്ടിന്റെ വിശകലനം

മോഡി സര്‍ക്കാരിന്റെ രണ്ടാംമൂഴത്തില്‍ നിയോ ലിബറല്‍ അജന്‍ഡയ്ക്ക് ഗതിവേഗം ലഭിക്കുമെന്നാണ് സൂചനകള്‍. നിതി ആയോഗ് ചെയര്‍മാന്‍ പറഞ്ഞത് പുതിയ സര്‍ക്കാരിന്റെ ആദ്യ നൂറുദിനത്തില്‍ 46 പൊതുമേഖലാ സ്ഥാപനം പൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകേയാ ചെയ്യുമെന്നാണ്.

തൊഴിലാളിവിരുദ്ധ ‘പരിഷ്‌കാരങ്ങള്‍’ സംബന്ധിച്ച ബില്ലുകള്‍ ഉടന്‍തന്നെ പാര്‍ലമെന്റ് പരിഗണിക്കുമെന്നും കമ്പോളശക്തികളെയും നിക്ഷേപകരെയും തൃപ്തിപ്പെടുത്തുന്ന മറ്റ് നടപടികളും ഉടന്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കപ്പെടുകയുണ്ടായി.

ഇതെല്ലാംതന്നെ തൊഴിലാളിവര്‍ഗത്തിനും തൊഴിലിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും വീണ്ടും കടുത്ത പ്രഹരമേല്‍പ്പിക്കുന്നതാണ്.

ഇതോടൊപ്പം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ വിദേശനയവും ആഭ്യന്തര സാമ്പത്തിക നയത്തിന്മേലുള്ള സാമ്രാജ്യത്വ സമ്മര്‍ദവും. ലഭ്യമാകുന്ന എല്ലാ സൂചനകളും അനുസരിച്ച് ഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയും സഖ്യശക്തിയുമായി തുടരും.


റഷ്യയെ ഉപേക്ഷിച്ച് അമേരിക്കയില്‍നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ തുടങ്ങി


മോഡി ഗവണ്‍മെന്റ് 2014–19 കാലഘട്ടത്തില്‍ ഇന്ത്യയെ അമേരിക്കയുമായി തന്ത്രപ്രധാന മേഖലകളിലും സൈനികമായും കൂടുതല്‍ അടുപ്പിക്കുന്നതിനായാണ് പ്രവര്‍ത്തിച്ചത്. സൈനിക സൗകര്യങ്ങള്‍ പരസ്പരം കൈമാറുന്ന കരാറിലും സൈനികവിവരങ്ങള്‍ പങ്കുവയ്ക്കുന്ന കരാറിലും ഇരു രാജ്യവും ഒപ്പുവയ്ക്കുകയുണ്ടായി. അമേരിക്ക മുന്നോട്ടുവച്ച ചതുഷ്‌കോണ(ക്വാഡ്) സഖ്യത്തിലും ഇന്ത്യ ഭാഗഭാക്കായി. അമേരിക്ക മുന്നോട്ടുവച്ച ഈ സഖ്യത്തില്‍ അമേരിക്കയ്ക്ക് പുറമെ ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയുമാണ് മറ്റംഗങ്ങള്‍.

അമേരിക്കയില്‍ നിന്നുയര്‍ന്ന കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി പരമ്പരാഗതമായി ആയുധങ്ങള്‍ക്കായി ആശ്രയിക്കുന്ന റഷ്യയെയും മറ്റും ഉപേക്ഷിച്ച് നാം അമേരിക്കയില്‍നിന്ന് കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാനും തുടങ്ങി. ഈ തന്ത്രപ്രധാന ആലിംഗനമാണ് ഏഷ്യ–പസഫിക്ക് മേഖലയില്‍ അമേരിക്കയുടെ ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിദേശനയം സ്വീകരിക്കാനും ഇന്ത്യയെ സജ്ജമാക്കിയത്.

ആഭ്യന്തരനയം പരിശോധിച്ചാലും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെയും അവരുടെ ധനമൂലധന താല്‍പ്പര്യങ്ങളെയും സഹായിക്കുന്ന നടപടികളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് കാണാന്‍ കഴിയും. 2018 ജനുവരിയില്‍ പ്രസിഡന്റ് ട്രംപ് അധികാരമേറ്റെടുത്തപ്പോള്‍തന്നെ ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ കമ്പോള സംരക്ഷണ നടപടികള്‍ക്ക് അനുയോജ്യമായി ഇന്ത്യയില്‍നിന്ന് കൂടുതല്‍ അനുകൂല നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ട്രംപ് ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധംതന്നെ തുടങ്ങിവച്ചു. ചൈനീസ് ചരക്കുകള്‍ക്ക് 40000 കോടി ഡോളറിന്റെ നികുതി ചുമത്തിക്കൊണ്ടായിരുന്നു വ്യാപാരയുദ്ധത്തിന്റെ ആരംഭം. ചൈനീസ് കമ്പോളത്തിലേക്ക് കൂടുതല്‍ പ്രവേശം ആവശ്യപ്പെട്ട ട്രംപ് അമേരിക്കന്‍ സാങ്കേതികവിദ്യക്കും ബൗദ്ധികസ്വത്തവകാശങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണവും ആവശ്യപ്പെട്ടു.


ഇറക്കുമതിച്ചുങ്കം കുത്തനെ വര്‍ധിപ്പിച്ചു


ഇന്ത്യയെയും ട്രംപ് വെറുതെ വിട്ടില്ല. ഇന്ത്യയുമായുള്ള വ്യാപാരശിഷ്ടം കുറയ്ക്കണമെന്നും അതിനായി അമേരിക്കയില്‍നിന്ന് കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതോടൊപ്പം ഇന്ത്യ താരീഫ് കുറയ്ക്കണമെന്നുമാണ് ട്രംപിന്റെ ആവശ്യം. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ അലുമിനിയത്തിനും സ്റ്റീലിനും അമേരിക്കയില്‍ ഇറക്കുമതിച്ചുങ്കം കുത്തനെ വര്‍ധിപ്പിച്ചു.

ഇതിനുശേഷമാണ് ഇന്ത്യക്ക് അമേരിക്കയുമായുള്ള വ്യാപാരത്തിന് നല്‍കിയിരുന്ന പ്രത്യേക പരിഗണന അമേരിക്ക എടുത്തുകളഞ്ഞത്. പ്രത്യേക പരിഗണനാ സമ്പ്രദായം അനുസരിച്ച് ചുങ്കമില്ലാതെ അനേകം സാധനങ്ങള്‍ ഇന്ത്യക്ക് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാമായിരുന്നു. പ്രത്യേക പരിഗണനയ്ക്ക് അന്ത്യമിട്ടതോടെ അമേരിക്കയിലേക്ക് ചുങ്കം നല്‍കാതെ കയറ്റി അയച്ചിരുന്ന 1900 സാധനത്തിന് ഇനിമുതല്‍ കസ്റ്റംസ് തീരുവ നല്‍കണമെന്നായി.

ഇതുസംബന്ധിച്ച പ്രഖ്യാപനം ആദ്യം പുറത്തുവരുന്നത് മാര്‍ച്ച് ആദ്യമായിരുന്നു. 60 ദിവസത്തിനകം പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നായിരുന്നു മാര്‍ച്ചിലെ അമേരിക്കന്‍ പ്രഖ്യാപനം. ഇന്ത്യക്ക് ഹിതകരമല്ലാത്ത ഈ നടപടി ഒഴിവാക്കിക്കിട്ടാന്‍ മോഡി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന് മാത്രമല്ല എതിരായുള്ള നടപടികളും സ്വീകരിച്ചില്ല. അമേരിക്ക ചുങ്കം ചുമത്തിയപ്പോള്‍ ചൈന സ്വീകരിച്ച നടപടിയില്‍ തീര്‍ത്തും വിരുദ്ധമായ സമീപനമാണ് ഇന്ത്യയില്‍ നിന്നുണ്ടായിട്ടുള്ളത്. ചൈനയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുങ്കം ചുമത്തിക്കൊണ്ടായിരുന്നു ചൈനയുടെ തിരിച്ചടി. അമേരിക്കയുടെ മുമ്പില്‍ നിവര്‍ന്നുനില്‍ക്കാന്‍ മോഡി ഗവണ്‍മെന്റിന് കഴിയാതെ പോകാനുള്ള പ്രധാന കാരണം അമേരിക്കയുടെ തന്ത്രപ്രധാന സഖ്യകക്ഷിയായി പ്രഖ്യാപിച്ച് സാമന്തരാഷ്ട്രമായി മാറിയതുകൊണ്ടാണ്.

‘മഹാനായ ദേശീയവാദി’ എന്ന് സ്വയം ചിത്രീകരിക്കുന്ന നരേന്ദ്ര മോഡിയാണ് ഒന്നിനുപുറകെ ഒന്നായി അമേരിക്കന്‍ തീട്ടൂരങ്ങള്‍ക്ക് മുമ്പില്‍ വഴങ്ങിനില്‍ക്കുന്നത്. അമേരിക്ക ഇന്ത്യയോട് ഇറാനില്‍നിന്ന് എണ്ണ വാങ്ങരുതെന്ന് ഉത്തരവിട്ടപ്പോള്‍ ഇന്ത്യ അതിന് വഴങ്ങി. ഇന്ത്യക്ക് വലിയ ആഘാതം സൃഷ്ടിക്കുന്ന തീരുമാനമാണിത്. അന്താരാഷ്ട്ര കമ്പോളത്തിലുള്ള വിലയേക്കാള്‍ കുറഞ്ഞ നിരക്കിനായിരുന്നു ഇറാനില്‍നിന്ന് എണ്ണ നമുക്ക് ലഭിച്ചിരുന്നത്. അതിനുശേഷം വെനസ്വേലയ്ക്കുനേരെ നടക്കുന്ന സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ഇന്ത്യയോട് വെനസ്വേലയില്‍നിന്നും എണ്ണ വാങ്ങരുതെന്ന് ആവശ്യപ്പട്ടു. ഒരു പ്രതിഷേധവുമില്ലാതെ മോഡി സര്‍ക്കാര്‍ അതും അനുസരിച്ചു.

റഷ്യയില്‍നിന്ന് ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങുന്നതിനെതിരെ ഉപരോധം ഏര്‍പ്പെടുത്തരുതെന്ന് അമേരിക്കയോട് ഇന്ത്യ യാചിക്കുകയായിരുന്നു. പക്ഷേ അമേരിക്കയാകട്ടെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണി ആവര്‍ത്തിക്കുകയാണ്. അമേരിക്കയില്‍നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണ് ഈ ഭീഷണി.

അമേരിക്കയില്‍നിന്ന് എഫ്–21 വിമാനങ്ങള്‍ വാങ്ങണമെന്ന ആവശ്യവുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി ലോബിയിങ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. 110 യുദ്ധവിമാനം വാങ്ങുന്നതിനുള്ള ടെന്‍ഡന്‍ ഇന്ത്യ ഇതിനകം ഇറക്കിയിട്ടുണ്ട്. (റഫേല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതിനുശേഷം) ഇന്ത്യയെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് ഡോളറിന്റെ ഈ ഓര്‍ഡര്‍ അമേരിക്കയ്ക്ക് നല്‍കുന്നതിനായാണ് സമ്മര്‍ദം.

മോഡി സര്‍ക്കാരിലെ പുതിയ വിദേശമന്ത്രി, മുന്‍ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ച എസ് ജയശങ്കറാണ്. ആദ്യമായാണ് ഒരു നയതന്ത്രവിദഗ്ധനെ ക്യാബിനറ്റിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം നല്‍കി ഇരുത്തുന്നത്. അമേരിക്കയുമായുള്ള അടുപ്പംകൊണ്ടുകൂടി അറിയപ്പെടുന്നയാളാണ് ജയശങ്കര്‍. വിദേശമന്ത്രാലയ ഉദ്യോഗസ്ഥനായപ്പോഴും വിദേശകാര്യസെക്രട്ടറിയായിരുന്നപ്പോഴും അദ്ദേഹം എങ്ങനെയാണ് അമേരിക്കയുമായുള്ള അടുത്ത തന്ത്രപ്രധാന ബന്ധത്തിനായി ശ്രമിച്ചത് എന്നും എല്ലാവര്‍ക്കുമറിയാം.
അതുകൊണ്ടുതന്നെ ജയശങ്കറുടെ നിയമനം നല്‍കുന്ന സൂചന മോഡി ഗവണ്‍മെന്റ് തുടര്‍ന്നും അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി തുടര്‍ന്നുകൊണ്ട് ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സാമ്രാജ്യത്വ വന്‍ശക്തിക്ക് കീഴ്‌പ്പെടുത്തുമെന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News