വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കരകൗശല വസ്തുക്കള്‍ മാനിപ്പുല്ലില്‍ നെയ്തെടുത്ത് മാറ്റത്തിന് നാന്ദി കുറിക്കുകയാണ് വയനാട് കാപ്പിസെറ്റ് മുതലിമാരന്‍ ഊരാളി കോളനിയിലെ ഒരു കൂട്ടം ആദിവാസി സ്ത്രീകള്‍.

കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്ന ഇവയുടെ നിര്‍മാണം ഏറെ ശ്രമകരമാണ്. തൊപ്പി, പഴക്കൂട, പഴത്തൊട്ടി, പൂക്കൂട, പൂത്തൊട്ടി, കൂജ, ബാസ്‌ക്കറ്റ് തുടങ്ങി ഇരുപതോളം വ്യത്യസ്ഥ ഉല്‍പ്പന്നങ്ങളാണ് മാനിപ്പുല്ലില്‍ നെയ്തെടുക്കുന്നത്.

200 രൂപക്ക് മുകളിലാണ് ഓരോ ഉല്‍പ്പന്നങ്ങളുടേയും വില. പരമ്പരാഗതമായി മുളകൊണ്ട് കുട്ടയും മുറവും പരമ്പുമെല്ലാം ഉണ്ടാക്കിയിരുന്നവര്‍ ഇവയുടെ നിര്‍മാണം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി.

വയലുകളിലും പുഴവക്കിലും കണ്ടുവരുന്ന മാനിപുല്ലാണ് കൂട നിര്‍മാണത്തിന് അഭികാമ്യം. മാനിപ്പുല്ലിന്റെ ലഭ്യത കുറവായതിനാല്‍ കാടിറങ്ങുന്ന കാട്ടുനായ്ക്കരില്‍ നിന്നും പണം കൊടുത്ത് വാങ്ങുകയാണ്.

നീളമുള്ള പുല്ല് സൂചിയില്‍ കോര്‍ത്ത് വ്യത്യസ്ഥ രീതിയില്‍ രൂപാന്തരപ്പെടുത്തിയെടുക്കും. നനവ് പറ്റിയാല്‍ ഉല്‍പ്പന്നങ്ങള്‍ പൂപ്പല്‍ പിടിക്കുന്നതിനാല്‍ വേനല്‍ക്കാലങ്ങളിലാണ് വിപണി സജീവമാവുക.വാഴനാരുകൊണ്ടുള്ള ഉല്‍പന്നങ്ങള്‍ വേഗത്തില്‍ പൊടിഞ്ഞു പോകുന്നതിനാല്‍ മാനിപ്പുല്ലില്‍ തീര്‍ത്തവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.

മനോഹരമായ ഇവരുടെ കരകൗശല വസ്തുക്കളുടെ നിര്‍മാണം കണ്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലിലൂടെ വില്‍പ്പനയ്ക്ക് സംവിധാനമുണ്ടാക്കുകയും ചെയ്തു. ഇതിലൂടെ നല്ല വരുമാനവും ലഭിക്കുന്നുണ്ട്.

പട്ടികവര്‍ഗക്കാര്‍ക്കായ് വിഭാവനം ചെയ്തിട്ടുള്ള ‘എന്‍ ഊര്’ പദ്ധതി പ്രകാരം കരകൗശല ഉല്‍പന്നങ്ങള്‍ പട്ടികവര്‍ഗ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിച്ച് വിപണിയിലെത്തിക്കുകയാണ്. മാനിപ്പുല്ലില്‍ തീര്‍ത്ത കരവിരുത് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിറ സാന്നിധ്യമാണ്.

കാപ്പിസെറ്റ് മുതലിമാരന്‍ ഊരാളി കോളനിയിലെ അമ്മിണി, ലത, പുഷ്പ, ബിന്ദു എന്നിവരാണ് കരകൗശല നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്തുന്നത്. വിനോദസഞ്ചാര മേഖലകളിലെ സാധ്യതകള്‍ മനസിലാക്കി കൂടുതല്‍ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണിവര്‍.