കൊച്ചി: ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ ബാധിച്ചത് പേരയ്ക്കയില്‍ നിന്നെന്ന് സംശയം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ പേരയ്ക്ക് കഴിച്ചിരുവെന്നും കണ്ടെത്തി. ഇത് സംബന്ധിച്ച് കേന്ദ്ര വിദഗ്ധ സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കിയത്. പേരയ്ക്കയില്‍ നിന്നായിരിക്കാം വൈറസ് പകര്‍ന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്നാല്‍ ഇത് പ്രാഥമികമായ നിഗമനം മാത്രമാണെന്ന്് കേന്ദ്രസംഘം പറയുന്നു.

യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും അവര്‍ പറയുന്നു. പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ വാഹകര്‍. ഇവയുടെ സ്രവങ്ങള്‍ വഴിയാണ് നിപ വൈറസ് പകരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം.