ശ്രീലങ്കന്‍ സ്‌ഫോടനം: കോയമ്പത്തൂരില്‍ ഏഴിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കോയമ്പത്തൂര്‍ ഈസ്റ്റര്‍ ദിനത്തില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ശ്രീലങ്കയിലുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തുന്ന റെയ്ഡ് തുടരുന്നു.

ഉക്കടം, പോത്തനൂര്‍, കുനിയപത്തുര്‍ ഉള്‍പ്പെടെയുളള ഏഴ് സ്ഥലങ്ങളിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്.

കഴിഞ്ഞ മാസം, തമിഴ് നാട്ടിലെ വിവിധയിടങ്ങളിലുള്ള എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

എന്‍ഐഎയുടെ കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘമായിരുന്നു കുംഭകോണം, കാരക്കല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.

ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അതില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ കോയമ്പത്തൂരില്‍ എത്തിയിരുന്നെന്ന് എന്‍ഐഎ സംഘം വിശദീകരിച്ചിരുന്നു.

റെയ്ഡില്‍ നിലവില്‍ ആരെയും പിടികൂടിയിട്ടില്ല. ഹോട്ടലുകളടക്കമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്.

അതേ സമയം, ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന് സംശയിക്കുന്നയാള്‍ക്കെതിരെ എന്‍ഐഎ കേസെടുത്തു.

കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെയാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here