മാധ്യമപ്രവര്‍ത്തകനു നേരെ വീണ്ടും യോഗി പൊലീസിന്റെ അതിക്രമം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യോഗി പൊലീസിന്റെ അതിക്രമം ഉണ്ടായത്.

ഉത്തര്‍പ്രദേശിലെ ഷാമിലി ജില്ലയിലാണ് സംഭവം നടന്നത്. ഷാമിലിയില്‍ ട്രെയിന്‍ പാളം തെറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകനു നേരെയാണ് യോഗി പൊലീസിന്റെ അതിക്രമം ഉണ്ടായത്. ഗുഡ്സ് ട്രെയിന്‍ പാളെതെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ന്യൂസ് 24 ലെ റിപ്പോര്‍ട്ടറാണ് ആക്രമിക്കപ്പെട്ടത്.

വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ തന്നെ മഫ്തിയില്‍ എത്തിയ റെയില്‍വേ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് അമിത് ശര്‍മ്മ പറഞ്ഞു. തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും കൈയിലുണ്ടായിരുന്ന ക്യാമറ തല്ലി തകര്‍ക്കുകയും ചെയ്തു. തന്റെ ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായും അമിത് ശര്‍മ്മ പറഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകലെ ഇവര്‍ വലിച്ചിഴച്ച് ജിആര്‍പി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുകയും ലോക്കപ്പിലാക്കുകയുമായിരുന്നു.

ലോക്കപ്പില്‍ വച്ച് വിവസ്ത്രനാക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായും അമിത് ശര്‍മ്മ ആരോപിച്ചു.സംഭവത്തെ തുടര്‍ന്ന് വിവിധ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും അമിത് ശര്‍മ്മയെ പൊലീസുകാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ തന്നെ തല്ലരുതെന്ന് അപേക്ഷിക്കുന്ന അമിത് ശര്‍മ്മയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

കടുത്ത മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകന്‍ ബുധനാഴ്ച രാവിലെയോടാണ് മോചിതനായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ട്രെയിന്‍ പാളം തെറ്റിയതിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതാണ് റെയില്‍വേ പൊലീസുകാരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍വേ പൊലീസ് സേനയെ വിമര്‍ശിച്ച് താന്‍ ചെയ്ത റിപ്പോര്‍ട്ടുകളാണ് ആക്രമണത്തിന് കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ജിആര്‍പി ഇന്‍സ്പെക്ടര്‍ രാകേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാര്‍, മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മൊറാബാദ് ജിആര്‍പി എസ്പിയ്ക്ക് കേസ് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.