കേരള പി എസ് സി യെ അപകീര്‍ത്തിപ്പെടുത്താന്‍ മനപ്പൂര്‍വ്വമായ ശ്രമം നടക്കുന്നതായി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍

കേരളാ പബ്‍‍ളിക് സർവ്വീസ് കമ്മീഷനെ അപകീർത്തിപ്പെടുത്താനും പിന്നോട്ടടിപ്പിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് ചെയർമാൻ അഡ്വക്കേറ്റ് എം കെ സക്കീർ.

ഇതിന് പിന്നിൽ ചില കേന്ദ്രങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങളാണെന്നും ചെയർമാൻ കൈരളി ന്യൂസിനോട് പറഞ്ഞു.

കൃത്യതയോടെയും,കാര്യക്ഷമതയോടെയും മുന്നോട്ടു പോകുന്ന പി എസ് സി യേയും ചെയർമാനേയും അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് ചില കേന്ദ്രങ്ങൾ നടത്തുന്നതെന്ന് ചെയർമാൻ പറഞ്ഞു.

ഇതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ട്.ക‍ഴിഞ്ഞ 3 വർഷത്തിനിടയിൽ ഒരു ലക്ഷത്തി ഏ‍ഴായിരം ഉദ്യോഗാർത്ഥികൾക്ക് പി എസ് സി വ‍ഴി നിയമനം നൽകി.

പി എസ് സി യുടെ ഉത്തരവാദിത്വവും ജോലിഭാരവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അനാവശ്യ ചർച്ചകൾ ചിലകോണുകളിൽ നിന്ന് ഉയരുന്നതെന്നും  അദ്ദേഹം പറഞ്ഞു.  

സർക്കാർ ഉടമസ്ഥതയിലുള്ള  എല്ലാ സ്ഥാപനങ്ങളിലേക്കും പി എസ് സി വ‍ഴിയാണ് നിയമനം.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സർവ്വകലാശാലകൾ, കമ്പനികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നിവിടങ്ങളിലേക്കെല്ലാം ഇപ്പോൾ പി എസ് സി വ‍ഴിയാണ് നിയമനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ജീവനക്കാരുടെ പ്രൊമോഷൻ കമ്മറ്റികളിലും,സബ്കമ്മറ്റികളിലും പി എസ് സി അംഗങ്ങൾക്ക് ഭാരിച്ച ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ട്.

ഇതെല്ലാം പി എസ് സി യുടെ ജോലിഭാരം ഇരട്ടിയിലേറെയാക്കിയിരിക്കുകയാണ്.

ഇക്കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പി എസ് സി അംഗങ്ങൾക്ക് ജോലിഭാരം കുറഞ്ഞിരിക്കുന്നുവെന്നും എണ്ണം കുറക്കണമെന്നും ഉള്ള വിചിത്ര വാദങ്ങൾ ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മറ്റ് സംസ്ഥാനങ്ങളിൽ സെലക്ഷൻ ബോർഡുകൾ വെവ്വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി ചെയർമാൻമാരുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവ് സർക്കാർ വഹിക്കുന്നതുമായി ബന്ധപ്പെട്ടുള്ള  വാർത്തകൾ  തെറ്റിദ്ധാരണാജനകമാണ്.

വാർഷിക സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാ സംസ്ഥാന പി.എസ്.സികളിലെയും ചെയർമാൻമാരുടേയും ഭാര്യമാർ പ്രത്യേകം ക്ഷണിക്കപ്പെടാറുണ്ട്.

കേരള പി.എസ്.സി ചെയർമാന്റെ ഭാര്യ അനുഗമിക്കുമ്പോൾ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങുന്നതിന് കൃത്യമായ ഉത്തരവ് നിലവിലില്ല.

അതിനാവശ്യമായ നടപടിക്കായി പി.എസ്.സിയിൽനിന്ന് കത്തയക്കുകയാണ് ചെയ‌്തത‌്.

മുൻവർഷങ്ങളിൽ നടന്ന ദേശീയ സമ്മേളനങ്ങളിൽ കേരള പി.എസ്.സി ചെയർമാന്റെ ഭാര്യ അനുഗമിച്ചത് സ്വന്തം ചെലവിൽ ആണ്.    

യാത്രാബത്ത സംബന്ധമായി പി.എസ്.സിയുടെ സാമ്പത്തിക നടപടിക്രമങ്ങൾ കൂടുതൽ ചിട്ടപ്പെടുത്തുന്നതിന് പൊതുഭരണവകുപ്പിലേക്ക് കത്തയച്ചത് അനധികൃതമായ ആനുകൂല്യങ്ങൾക്കാണെന്ന ധ്വനിയാണ് ചില റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്.  

അഴിമതിരഹിതവും സുതാര്യവുമായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News