മധ്യകേരളത്തിലും കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ചെല്ലാനം, വൈപ്പിന്‍ തുടങ്ങീ തീരദേശ മേഖലകളിലെ പ്രദേശവാസികള്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുകയാണ്.

കോര്‍പ്പറേഷന്‍ കനാലുകള്‍ ശുചീകരിക്കാത്തതിനാല്‍ നഗരത്തിലെ റോഡുകളും വെളളക്കെട്ടിലായി.

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മധ്യകേരളത്തില്‍ തീരദേശവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

ചെല്ലാനം, എടവനക്കാട്, വൈപ്പിന്‍ തീരങ്ങളിലുളള 500ലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമാണ്.

ശക്തമായ വേലിയേറ്റത്തെ തുടര്‍ന്നുണ്ടാകുന്ന കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ച് വീടുകള്‍ക്ക് നാശനഷ്ടങ്ങളും സംഭവിച്ചു. പല വീടുകളും വെളളക്കെട്ടിനെ തുടര്‍ന്ന് താമസയോഗ്യമല്ലാതായി.

ജില്ലാ കളക്ടര്‍ മുഹമ്മദ് സഫറുളള ചെല്ലാനത്തെത്തുകയും തീരദേശവാസികളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

പുലിമുട്ട് നിര്‍മ്മാണവും കടല്‍ഭിത്തിയും യാഥാര്‍ത്ഥ്യമാക്കാത്തതിലുളള പ്രതിഷേധം തീരദേശവാസികള്‍ കളക്ടര്‍ക്ക് മുന്നില്‍ അറിയിച്ചു.

ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാന്പുകള്‍ ഒരുക്കാന്‍ സജ്ജമാക്കിയെങ്കിലും വീടുകളില്‍ തന്നെ കഴിയുകയാണിവര്‍. ജിയോ ട്യൂബുകള്‍ കടലോരപ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണ്ണമല്ല.

തുടര്‍ച്ചയായ മഴ കൊച്ചി നഗരത്തിലെങ്ങും ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.

കോര്‍പ്പറേഷന്‍ കനാലുകള്‍ ശുചിയാക്കാത്തതിനാല്‍ റോഡുകളില്‍ മലിനജലം നിറഞ്ഞ വെളളക്കെട്ടുകളും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ജില്ലയിലെ മലയോര മേഖലകളായ കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലും മഴ ശക്തമാണ്. തീരദേശങ്ങളെയാണ് മഴ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.