
ന്യൂ ഡല്‍ഹി: മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെ ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ- സാംസ്‌കാരിക-നിയമ വകുപ്പു മന്ത്രി എ.കെ. ബാലന്‍.
ഈ വിഷയം പുനപരിശോധിക്കാന്‍ കേരള ലളിതകലാ അക്കാദമിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലല്ല.
ഈ വിഷയം സംബന്ധിച്ച് ന്യൂ ഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലളിത കലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല.
അക്കാദമി ചുമതലപ്പെടുത്തുന്ന കമ്മറ്റിയാണ് ജൂറിയെ തീരുമാനിക്കുന്നത്.
ഇത്തവണ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ പി. സുകുമാര്‍, പി.വി. കൃഷ്ണന്‍, മധു ഓമല്ലൂര്‍ എന്നിവരാണ് കാര്‍ട്ടൂണുകള്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കെ. കെ. സുഭാഷ് രചിച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണാണ് അക്കാദമി അവാര്‍ഡിന് തെരഞ്ഞെടുത്തത്.
കാര്‍ട്ടൂണില്‍ ഫ്രാങ്കോയെ ചിത്രീകരിച്ചതിനോട് സര്‍ക്കാര്‍ വിയോജിക്കുന്നില്ല.
അദ്ദേഹത്തിന്റെ ചെയ്തികളെ പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളതാണ്.
എന്നാല്‍ അദ്ദേഹത്തെ പൊതുസമൂഹത്തിനു മുന്നില്‍ വരച്ചു കാട്ടാന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയില്‍ കാര്‍ട്ടൂണില്‍ ഉപയോഗിച്ചിട്ടുള്ളതിനോടാണ് സര്‍ക്കാരിന് വിയോജിപ്പുള്ളത്.
ഫ്രാങ്കോയെ പരിഹസിക്കാനായി ഒരു മതവിഭാഗത്തിന്റെ പ്രതീകം ഉപയോഗപ്പെടുത്തിയത് സാധാരണ മതവിശ്വാസികളില്‍ ബുദ്ധിമുട്ടുണ്ടാക്കും.
ഇത് സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. മതപ്രതീകങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ല.
ഒരു രൂപത്തിലും മതപ്രതീകങ്ങളെ അവഹേളിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും സര്‍ക്കാര്‍ അംഗീകരിക്കില്ല. ലളിതകലാ അക്കാദമി ഇത് പുനപരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കണം.
എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്യത്തില്‍ തികഞ്ഞ സഹിഷ്ണുതയാണ് ഈ സര്‍ക്കാര്‍ എക്കാലവും കാണിച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയെ പരിഹസിക്കുന്ന കാര്‍ട്ടൂണായിരുന്നു.
മുഖ്യമന്ത്രി തന്നെയാണ് അവാര്‍ഡ് വിതരണം ചെയ്തതും. തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളുമായി ഈ അവാര്‍ഡിന് ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
ന്യൂനപക്ഷ സമുദായങ്ങളോട് മാന്യമായ സമീപനമാണ് എക്കാലവും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here