പഞ്ചവാദ്യ കലാകാരനും തിമില വിദ്വാനുമായിരുന്ന അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിരെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.67 വയസ്സായിരുന്നു.
സംസ്‌ക്കാരം നാളെ തൃശ്ശൂര്‍ കൊടകരയില്‍ നടക്കും.മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ദീര്‍ഘനാള്‍ മേളപ്രമാണിയായിരുന്നു പരമേശ്വര മാരാര്‍.
പ്രമേഹം ഉള്‍പ്പടെ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വൈകീട്ട് മൂന്നേകാലോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് ഭാര്യയും മൂന്ന് മക്കളും ആശുപത്രിയിലുണ്ടായിരുന്നു.പഞ്ചവാദ്യ കുലപതിയായിരുന്ന അന്നമനട പരമേശ്വര മാരാര്‍ നാല് പതിറ്റാണ്ടുകാലം തൃശ്ശൂര്‍ പൂരം മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പങ്കാളിയായിരുന്നു.
2003 മുതല്‍ 2016വരെ മഠത്തില്‍ വരവിന് പ്രമാണിയായിരുന്നതും പരമേശ്വര മാരാര്‍ത്തന്നെ.
പഞ്ചവാദ്യ പരിഷ്‌ക്കര്‍ത്താവായിക്കൂടി അന്നമനട പരമേശ്വരമാരാര്‍ അറിയപ്പെട്ടിരുന്നു.
അന്നമനട പരമേശ്വര മാരാര്‍ സീനിയര്‍, പല്ലാവൂര്‍ മണിയന്‍ മാരാര്‍, പല്ലാവൂര്‍ കുഞ്ഞുക്കുട്ടന്‍ മാരാര്‍ എന്നിവരാണു ഗുരുക്കന്മാര്‍.
പല്ലാവൂര്‍ സഹോദരന്‍മാര്‍, ചോറ്റാനിക്കര നാരായണമാരാര്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരമേശ്വര മാരാര്‍ വിദേശരാജ്യങ്ങളിലുള്‍പ്പടെ പല തവണ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിട്ടുണ്ട്.
പല്ലാവൂര്‍ മണിയന്‍ മാരാരുടെയും കുഞ്ഞുകുട്ട മാരാരുടെയും കൂടെ താമസിച്ച് ചെണ്ടയും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്.
അന്നമനടയാണ് പരമേശ്വര മാരാരുടെ ജന്മദേശമെങ്കിലും ദീര്‍ഘനാളായി തൃശ്ശൂര്‍ കൊടകരയിലായിരുന്നു താമസം.

Get real time update about this post categories directly on your device, subscribe now.