ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈക്കലാക്കിയത് ശതകോടികള്‍. പ്രധാനമന്ത്രി ഫസല്‍ ബീമയോജന പ്രകാരം ഖാരിഫ് കാലത്തെ കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് കിട്ടേണ്ട അയ്യായിരം കോടിയില്‍പ്പരം രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിഷേധിച്ചത്.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കൃഷിമന്ത്രാലയം നല്‍കിയ മറുപടിയിലാണ് വന്‍ കൊള്ളയുടെ വിവരങ്ങള്‍. 2018 ഡിസംബറില്‍ അവസാനിച്ച ഖാരിഫ് കാലത്തെ വിളനാശത്തിനുള്ള നഷ്ടപരിഹാരം ഈവര്‍ഷം ഫെബ്രുവരി 28നകം വിതരണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍, മെയ് 10 ആയിട്ടും 5171 കോടി രൂപയ്ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്യാനുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ആകെ 12,867 കോടി രൂപയുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളാണ് വിളനശിച്ച കര്‍ഷകര്‍ ഫസല്‍ ബീമയോജന പ്രകാരം നല്‍കിയത്.  എന്നാല്‍, വിതരണം ചെയ്തത് 7696 കോടി രൂപമാത്രം. 40 ശതമാനം നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. ഈ പദ്ധതിയുടെ പ്രീമിയം ഇനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കിട്ടിയത് 20,747 കോടി രൂപയാണ്. പ്രീമിയവും ഇന്‍ഷൂറന്‍സ് തുക നിഷേധവും ഉള്‍പ്പെടെ കമ്പനികള്‍ക്ക് മൊത്തം ലാഭം 13,051 കോടി രൂപ.

മഹാരാഷ്ട്രയിലാണ് വിള ഇന്‍ഷുറന്‍സ് തുക ഏറ്റവും കൂടുതല്‍ വിതരണം ചെയ്യാനുള്ളത്. ആകെ 3893 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് അപേക്ഷ ലഭിച്ചപ്പോള്‍ 1416 കോടി രൂപ ഇനിയും കുടിശികയാണ്. മധ്യപ്രദേശില്‍നിന്ന് 3892 കോടി രൂപയാണ് പ്രീമിയം ഇനത്തില്‍ കമ്പനികള്‍ സമാഹരിച്ചത്. മൊത്തം 656 കോടി രൂപയുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഒരു രൂപപോലും വിതരണം ചെയ്തിട്ടില്ല.

20 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ച കര്‍ണാടകത്തില്‍ 95 ശതമാനം അപേക്ഷകളിലും തീരുമാനമായിട്ടില്ല. ജാര്‍ഖണ്ഡ്, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും നൂറു ശതമാനം അപേക്ഷകളും കെട്ടിക്കിടക്കുന്നു. 2017-18 റാബി കാലത്തെ നഷ്ടപരിഹാര അപേക്ഷകള്‍ പ്രകാരമുള്ള 509 കോടി രൂപയും ഇന്‍ഷുറന്‍സ് കമ്പനികള്‍ വിതരണം ചെയ്തിട്ടില്ല.

വിളനാശം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനെന്ന പേരില്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ഫസല്‍ബീമ യോജന. പ്രീമിയം വിഹിതത്തില്‍ 350 ശതമാനം വര്‍ധനയും വരുത്തി. കര്‍ഷകരാണ് ഇതിന്റെ ഭാരം പേറുന്നത്. പദ്ധതിയില്‍ ബഹുഭൂരിപക്ഷവും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ്. അടുത്ത കൃഷി തുടങ്ങുന്നതിനുമുമ്പ് നഷ്ടപരിഹാരത്തുക ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പ്രയോജനമില്ല.

രാജ്യം കടുത്ത വരച്ച നേരിടുകയും ചെയ്യുമ്പോഴാണ് വിളനാശത്തിനുള്ള നഷ്ടപരിഹാരം തടഞ്ഞുവച്ച് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഖാരിഫ് കാലത്തെ വിളനാശത്തിന് പ്രധാന കാരണമായതും മഴക്കുറവാണ്. ഏഴ് സംസ്ഥാനത്തായി 1.5 കോടി ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. മഹാരാഷ്ട്രയില്‍ 26, കര്‍ണാടകത്തില്‍ 24, ജാര്‍ഖണ്ഡില്‍ 18, ഗുജറാത്തില്‍ 11, രാജസ്ഥാന്‍, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഒമ്പതുവീതം ജില്ലകള്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.