സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല അടുത്ത വര്‍ഷം- കെ ടി ജലീല്‍

സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല അടുത്ത അധ്യയനവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. നിലവിലെ സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. സര്‍വകലാശാലകളില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഇക്കൊല്ലം അവസാനിക്കും. നിലവില്‍ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ഥികളാകും.

സര്‍വകലാശാലകളുടെ ജോലിഭാരം കുറയ്ക്കാനും പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടപ്പാക്കുന്ന 17 ബിരുദ കോഴ്‌സുകളും 15 ബിരുദാനന്തര കോഴ്‌സുകളും രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഓപ്പണ്‍ സര്‍വകലാശാലയിലേക്ക് മാറും.

മാനവിക, സയന്‍സ് വിഷയങ്ങളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ലാബ് സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. തൊഴില്‍ അധിഷ്ഠിത, നൈപുണ്യ വികസന കോഴ്‌സുകളും മൂക്ക് കോഴ്‌സുകളും (മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്) തുടങ്ങും.

കേരള, കലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലെ 93,155 വിദ്യാര്‍ഥികള്‍ക്കും കേരള, എം ജി സര്‍വകലാശാലകളിലെ 25,488 പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കും സാക്ഷരതാ മിഷന്‍ പ്ലസ് ടു തുല്യതാ പരീക്ഷ പാസ്സായ 30,000ത്തോളം വിദ്യാര്‍ഥികള്‍ക്കും ഓപ്പണ്‍ സര്‍വകലാശാല പ്രയോജനം ചെയ്യും.

പ്രവേശനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണയം, ഭരണസംവിധാനം എന്നിവ പൂര്‍ണമായും ഓണ്‍ലൈനാകും. നിലവിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ ഓപ്പണ്‍ സര്‍വകലാശാല ജീവനക്കാരാകും.ഓപ്പണ്‍ സര്‍വകലാശാലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തും. സര്‍ക്കാര്‍ നിയന്ത്രിത സര്‍വകലാശാല എന്ന നിലയില്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് സര്‍വകലാശാലകള്‍ അംഗീകരിക്കണമെന്ന് നിഷ്‌കര്‍ഷിക്കും.

പിഎസ്സിയെക്കൊണ്ടും ഓപ്പണ്‍ കോഴ്‌സുകള്‍ അംഗീകരിപ്പിക്കാന്‍ ശ്രമിക്കും. യുജിസി അംഗീകാരം ഉള്‍പ്പെടെയുള്ള പ്രാരംഭ നടപടികള്‍ ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കി അടുത്ത അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ക്ലാസ്സുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സര്‍വകലാശാല ആസ്ഥാനം മുതലായ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.

സര്‍വകലാശാല പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജെ പ്രഭാഷ് ബുധനാഴ്ച ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജീവനക്കാരുടെ പുനര്‍വിന്യാസം ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. സര്‍വകലാശാല നിയമ നിര്‍മാണത്തിന് ആവശ്യമായ ബില്ലിന്റെ കരടും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. റിപ്പോര്‍ട്ട് പഠിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News