കാലവര്‍ഷക്കെടുതി നേരിടാന്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം. അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ 32 മണിക്കൂര്‍ മുമ്പ് പൊതുജനങ്ങളെ അറിയിക്കും. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചുവരുന്നത്.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും ഒഴുക്ക് നിലച്ച ജലസ്രോതസുകളുടെ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അപകട സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികളും പുരോഗമിക്കുന്നു.

രാത്രി മലയോരമേഖയിലേക്കും തിരിച്ചുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എച്ച് ദിനേശന്‍ നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയ സമയത്ത് ജില്ലയില്‍ 57 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിരുന്നു. ഈ മണ്‍സൂണില്‍ മരം പൊട്ടിവീണുണ്ടായ അപകടങ്ങളില്‍ രണ്ട് പേരാണ് മരണപ്പെട്ടത്.