ഒരാള്‍ക്ക് ഒരു പദവിയെന്ന നയം ബിജെപി തിരുത്തുന്നു; അമിത്ഷാ ഡിസംബര്‍ വരെ ദേശിയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരും

ഒരാള്‍ക്ക് ഒരു പദവിയെന്ന നയം അമിത്ഷായ്ക്കായി ബിജെപി തിരുത്തുന്നു. ബിജെപി ദേശിയ അദ്ധ്യക്ഷ സ്ഥാനത്ത് ഡിസംബര്‍ വരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടരും.

ദില്ലിയില്‍ നടന്ന ബിജെപി ദേശിയ-സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് ധാരണയിലെത്തിയത്. മോദി-അമിത്ഷാ ഗ്രൂപ്പില്‍ നിന്നും പാര്‍ടി അധികാരം കൈവിട്ട് പോകാതിരിക്കാനാണ് നീക്കം.

കേന്ദ്ര ആഭ്യന്തരമന്ത്രി, ബിജെപി ദേശിയ അദ്ധ്യക്ഷ പദവി എന്നീ രണ്ട് സുപ്രധാന സ്ഥാനങ്ങളും അമിത് ഷാ തന്നെ തുടര്‍ന്നും വഹിക്കും. പാര്‍ടിയില്‍ അദ്വാനി യുഗത്തിന് തടയിട്ട് 2013ല്‍ മോദി ആരംഭിച്ച തേരോട്ടം പൂര്‍ത്തിയാക്കാന്‍ അമിത് ഷാ ദേശിയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് മോദിയുടെ തീരുമാനം.

ഗുജറാത്തില്‍ നിന്നുള്ളവര്‍ക്ക് എല്ലാ പദവിയുമെന്ന് ബിജെപിക്കുള്ളിലെ മുറുമുറുപ്പ് തല്‍ക്കാലം കണ്ടില്ലെന്ന് നടിക്കാനാണ് ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം. ദില്ലിയില്‍ ബിജെപി ദേശിയ ആസ്ഥാനത്ത് ആരംഭിച്ച ഭാരവാഹികളുടെ യോഗത്തില്‍ തിരഞ്ഞെടുപ്പ് അവലോകനമാണ് അജണ്ടയായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും പ്രധാന ലക്ഷ്യം അമിത് ഷായെ അദ്ധ്യക്ഷ സ്ഥാനത്ത് വീണ്ടും അവരോധിക്കുക തന്നെയായിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് യോഗത്തിന് മുമ്പ് സംസ്ഥാന ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി നയം അനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയാണ് കാലങ്ങളായി പിന്തുടരുന്നത്. ജനുവരിയില്‍ അമിത്ഷായുടെ അദ്ധ്യക്ഷ കാലാവധി അവസാനിച്ചെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിനായി അത് നീട്ടി നല്‍കിയിരുന്നു.ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. അത് വരെ സ്ഥാനത്ത് തുടരാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here