തിരുവനന്തപുരം വിമാനത്താവളം വഴി പ്രകാശന്‍ തമ്പി 60 കിലോ സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐ. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യകണ്ണികളിലൊരാള്‍ പ്രകാശന്‍ തമ്പിയുടെ സുഹൃത്ത് വിഷ്ണുവാണെന്നും ഡിആര്‍ഐ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈ മാസം 17 ന് വിഷ്ണു അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയും കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പിയുടെ സുഹൃത്തുമായ വിഷ്ണു സോമസുന്ദരത്തോട് ഈ മാസം 17 ന് ഡിആര്‍ഐക്ക് മുമ്പാകെ ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം കേസില്‍ വിശദമായ റിപ്പോര്‍ട്ട് ഡിആര്‍ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രകാശന്‍ തമ്പി പലപ്പോഴായി 60 കിലോ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

6 തവണ ദുബായില്‍ പോയ ഇയാള്‍ 6 തവണയായി 10 കിലോ സ്വര്‍ണ്ണം വീതമാണ് കടത്തിയത്.ബിജുവും വിഷ്ണു സോമസുന്ദരവുമാണ് സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരകരെന്നും റിപ്പോര്‍ട്ടിലുണ്ട്. കള്ളക്കടത്ത് സ്വര്‍ണ്ണം വാങ്ങിയിരുന്ന ജ്വല്ലറി ഉടമയും ബന്ധുവും ഒളിവിലാണ്. ഉടമ മുഹമ്മദലി, അനന്തരവന്‍ അബ്ദുള്‍ ഹക്കീം എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്.ഇവരുടെ ജ്വല്ലറിയിലേയ്ക്ക് കള്ളക്കടത്തായി 36 കിലോ സ്വര്‍ണ്ണം എത്തിച്ചിട്ടുണ്ടെന്നും ഡി ആര്‍ ഐ കണ്ടെത്തിയിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐയും ഒരുപോലെ തിരയുന്ന ഒരാഓണ് വിഷ്ണു സോമസുന്ദരം.

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയായ വിഷ്ണുവിനെ കണ്ടെത്തിയാലേ ഡി.ആര്‍.ഐ അന്വേഷണം മുന്നോട്ടുപോവൂ. ബാലുവിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തുകാരുടെ കരങ്ങളുണ്ടോ എന്ന് ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ചിനും വേണ്ടത് വിഷ്ണുവിനെത്തന്നെയാണ്.

നിയമബിരുദധാരികൂടിയായ വിഷ്ണു എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.ഇതെ തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.