റെയില്‍വേ കംപാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 31 കിലോ ചന്ദനമുട്ടികളും 1440 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. കഞ്ചാവു കള്ളക്കടത്തു പിടികൂടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ കന്യാകുമാരിയില്‍ നിന്നും മുംബൈയ്ക്കു പോകുന്ന ജയന്തി ജനത എക്‌സ്പ്രസ് ട്രെയിനില്‍ ആര്‍ പി എഫ് ചെങ്ങന്നൂര്‍ സിഐ ആര്‍ എസ് രാജേഷിന്റെ നേതൃത്വത്തില്‍ കായംകുളത്തു നിന്നും ആരംഭിച്ച പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

ട്രെയിനിന്റെ മുന്‍ഭാഗത്തെ ജനറല്‍ കംപാര്‍ട്ടുമെന്റിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടു എയര്‍ ബാഗുകളിലായി ചന്ദന മുട്ടികളും നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തത്. ചന്ദന മുട്ടികള്‍ക്ക് ഒന്നര ലക്ഷവും, പുകിയില ഉത്പന്നങ്ങള്‍ക്ക് 70,500 രൂപയും ഏകദേശ വില വരും.

സ്റ്റേഷനിലെത്തിച്ച പുകയില ഉത്പന്നങ്ങള്‍ ചെങ്ങന്നൂര്‍ എക്‌സൈസിനും കരികുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് സംഘത്തിന് ചന്ദന മുട്ടികളും കൈമാറി. ആര്‍പിഎഫ് ചെങ്ങന്നൂര്‍ എസ്‌ഐമാരായ എന്‍ ഗോപകുമാര്‍, കെ രാധാകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ അനന്തകൃഷ്ണന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.