മാനസിക രോഗികളെ സിനിമകളില്‍ തെറ്റായി ചിത്രീകരിക്കുന്നതില്‍ ക്ഷമ ചോദിക്കുന്നതായി നടി റിമ കല്ലിങ്കല്‍. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 147 ആം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റിമ .ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ത്ഥ ഹീറോസ് എന്നും സിനിമ താരങ്ങള്‍ അല്ല എന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

ഏറെ സനേഹത്തോടെയാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളും ഡോക്ടര്‍മാരും റിമ കല്ലിങ്കലിനെ വരവേറ്റത്. കുതിരവട്ടത്തെ വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതിലെ സന്തോഷം റിമ മറച്ചു വെച്ചില്ല. സിനിമകളില്‍ മാനസിക അസ്വാസ്ഥ്യം ഉള്ളവരെ തെറ്റായി ചിത്രീകരിക്കുന്നതില്‍ ക്ഷമാപണം നടത്തുന്നതായി റിമ പറഞ്ഞു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വാര്‍ഷിക ചടങ്ങ് റിമ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ .സി രമേശന്‍ അധ്യക്ഷത വഹിച്ചു. മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അന്തേവാസികളോട് താന്‍ ഇക്കാര്യം പറയാം എന്ന് അറിയിച്ചാണ് റിമ മടങ്ങിയത്.