അപകടം നടന്ന ദിവസം ബാലഭാസ്‌ക്കര്‍ തൃശൂരില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഹോട്ടലില്‍ മുറിയെടുത്തത് ഒരു ദിവസത്തേക്ക് വേണ്ടി മാത്രമെന്ന് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി.

ബാലഭാസ്‌ക്കര്‍ രാത്രി തന്നെ മടങ്ങുന്നതിനാല്‍ നിരക്കില്‍ ഇളവ് നല്‍കിയതായും ഹോട്ടല്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ആരോപണ വിധേയരുടെയും, സാക്ഷികളുടെയും കോള്‍ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

അപകടം നടന്ന ദിവസം വടക്കുനാഥ ക്ഷേത്രത്തിന് സമീപത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചിരുന്ന ബാലഭാസക്കര്‍, പെട്ടന്ന് തീരുമാനം മാറ്റിയിതില്‍ ദുരൂഹതയുണ്ടാനായിരുന്നു പിതാവ് ഉണ്ണിയുടെ പ്രധാന ആരോപണം.

ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാത്രി തന്നെ ബാലഭാസ്‌ക്കര്‍ മടങ്ങാന്‍ തീരുമാനിച്ചതെന്നായിരുന്നു പിതാവിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അപകടം നടന്ന ദിവസം രാത്രി തൃശൂരില്‍ തങ്ങാന്‍ ബാലഭാസ്‌ക്കറും കുടുംബവും തീരുമാനിച്ചിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ മൊഴി.

പകല്‍ മുറിയെടുത്ത ബാലഭാസ്‌ക്കര്‍ താന്‍ സന്ധ്യയോടെ മടങ്ങുമെന്നും അതിനാല്‍ താരിഫില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടതായിട്ടാണ് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ മൊഴി. ആറായിരം രൂപയുടെ മുറി നേര്‍പകുതി രൂപക്കാണ് ബാലഭാസ്‌ക്കറിന് നല്‍കിയതെന്നും ജീവനക്കാരുടെ മൊഴിയില്‍ പറയുന്നു.

മത്തവിലാസം കൂത്ത് എന്ന പൂജക്ക് വേണ്ടിയാണ് ബാലുവും കുടുംബവും വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത് . ആരുടേയോ കാല്‍ മുറിഞ്ഞ് അശുദ്ധി ഉണ്ടായതിനാല്‍ ശുദ്ധിക്രിയക്ക് ശേഷം സന്ധ്യയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചതെന്നും ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിട്ടുണ്ട്.

പൂന്തോട്ടത്തില്‍ ലതയുടെ തൃശൂരിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് അത്താഴവും കഴിച്ച ശേഷമാണ് ബാലഭാസ്‌ക്കറും കുടുംബവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. തൃശൂരിലെ ഹോട്ടലില്‍ രാത്രി തങ്ങാന്‍ തീരുമിച്ചിരുന്നില്ലെന്ന ഹോട്ടല്‍ ജീവനക്കാരുടെ മൊഴി കേസിലെ ദൂരൂഹതക്ക് അറുതിവരുത്തിയേക്കും.

അതിനിടെ ആരോപണ വിധേയരുടെയും , സാക്ഷികളുടെയും കോള്‍ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.15 പേരുടെ കോള്‍ ഡീറ്റയില്‍സ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏട്ട് പേരുടേത് മാത്രമേ ലഭിച്ചിട്ടുളളു. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇതിന്റെ പരിശോധന തുടരുകയാണ്