പഞ്ചവാദ്യ കുലപതിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അന്തരിച്ച അന്നമനട പരമേശ്വര മാരാരുടെ ഭൗതിക ശരീരം തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌ക്കരിച്ചു.

താളപ്രേമികളെ മാന്ത്രിക വിരലുകള്‍ കൊണ്ട് ആസ്വാദനത്തിന്റെ വിസ്മയം ലോകത്തേക്കെത്തിച്ച അനുഗ്രഹീത കലാകാരന് അവസാന യാത്രാമൊഴി നല്‍കാന്‍ ആയിരങ്ങളാണെത്തിയത്. രാവിലെ കൊടകരയിലെ വസതിയില്‍ നിന്ന് അന്നമനട പരമേശ്വരമാരാരുടെ ഭൗതിക ശരീരം കാവില്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിലെത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനം .

പഞ്ചവാദ്യ വിദ്വാന് ഇവിടെ ഔദ്യോഗിക ബഹുമതി നല്‍കി നാട് ആദരവറിയിച്ചു. തുടര്‍ന്ന് അന്നമനട പഞ്ചായത്ത് ഹാളിലും വടക്കാഞ്ചേരി പൂരക്കമ്മറ്റി ഹാളിലും പൊതുദര്‍ശനം നടന്നു. വൈകുന്നേരം അഞ്ച് മണിയോടെ ഐവര്‍മഠം ശാന്തിതീരത്തെത്തിച്ചു. തിരുവില്വാമല മുതല്‍ ശാന്തിതീരം വരെ വിലാപയാത്രയായാണ് ഭൗതികശരീരമെത്തിച്ചത്.നൂറുകണക്കിന് പേര്‍ അനുഗമിച്ചു.

പൊതുദര്‍ശനത്തിലും സംസ്‌ക്കാരചടങ്ങിലും കലാസ്വാദകരും വാദ്യകലാകാരന്‍മാരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.