എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതായ സംഭവം; അന്വേഷണം തുടരുന്നു

കൊച്ചി :എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. പാലാരിവട്ടം സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന സിഐ നവാസിന്റെ ഭാര്യയുടെ പരാതിയില്‍ ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കും.

ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഭാര്യ പരാതി നല്‍കിയതോടയാണ് എറണാകുളം സെന്‍ട്രല്‍ സിഐ വി എസ് നവാസിനായി അന്വേഷണം ആരംഭിച്ചത്. യാത്ര പോകുന്നുവെന്ന് എഴുതിവച്ച ശേഷമാണ് നവാസ് വീട് വിട്ടിറങ്ങിയത്. അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് നവാസിനെ കാണാതായതെന്ന് ഭാര്യ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി കമ്മീഷണര്‍ വിജയ് സാക്കറെ പറഞ്ഞു.

ഔദ്യോഗിക വാഹനവും മൊബൈല്‍ ഫോണും വയര്‍ലെസ് സെറ്റും നവാസ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ എടിഎമ്മില്‍ നിന്നും 12,000 പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കായംകുളത്ത് വച്ച് സിഐ നവാസിനെ മറ്റൊരു പൊലീസുകാരന്‍ രാവിലെ 9,.45ഓടെ കണ്ടിരുന്നു. കോടതിയില്‍ വന്നതാണെന്നായിരുന്നു സിഐ മറുപടി പറഞ്ഞത്. അതിന് ശേഷം സ്വന്തം പേരിലുളള മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

പാലാരിവട്ടം സിഐ ശ്രീജേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് നവാസിവനെ കാണാതായ സംഭവത്തില്‍ അന്വേഷിക്കുന്നത്. അതേസമയം അസിസ്റ്റന്റ് കമ്മിഷണറും സിഐ നവാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാന്‍ ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തെ ഡിജിപി നിയോഗിച്ചിട്ടുണ്ട്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here