കെവിന്‍ വധക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയെ പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും. പ്രോസിക്യൂഷന്റെ ഏറ്റവും നിര്‍ണായക സാക്ഷിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഗിരീഷ് പി.സാരഥി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 24നാണ് പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം ആരംഭിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് 176 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 122 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. 63 പേരെ ഒഴിവാക്കി. 4 സാക്ഷികള്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിവിസ്താരം പൂര്‍ത്തിയായ ശേഷം കോടതി പ്രതികളെ നേരിട്ടു ചോദ്യം ചെയ്യും. ഇതിനു ശേഷം പ്രതിഭാഗം സാക്ഷിവിസ്താരം ആരംഭിക്കും. ഇതിനു ശേഷമാണ് വാദം തുടങ്ങുക.