കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലിന് ഇന്നേക്ക് ഒരു വര്‍ഷം. കോഴിക്കോട് കട്ടിപ്പാറയിലെ 14 പേരുടെ ജീവനെടുത്ത പ്രകൃതി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മയിലാണ് ഇന്നും ഗ്രാമം. എല്ലാം നഷ്ടമായ 7 ഉള്‍പ്പടെ 21 കുടുംബങ്ങളുടെ പുനരധിവാസം ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു

കരിഞ്ചോലയില്‍ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്ന വലിയ ദൗത്യം ലക്ഷ്യത്തോടടുക്കുകയാണ്. 7 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചതില്‍ ഒരു വീട് പൂര്‍ത്തിയായി. മറ്റുള്ളവരുടെ വീട് നിര്‍മ്മാണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ സഹായം കൃത്യസമയത്ത് ലഭിച്ചത് കൊണ്ടാണ് വീട് പൂര്‍ത്തീകരിക്കാനായതെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട നുസൈബ നാസര്‍ പറഞ്ഞു.

കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച കമ്മിറ്റിയാണ് പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്നത്. കരിഞ്ചോലയില്‍ അപകട ഭീഷണിയില്‍ കഴിഞ്ഞ 13 കുടുംബങ്ങളെ കനിവ് ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനരധിവസിപ്പിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു.

പുതിയ സ്ഥലം കണ്ടെത്തി വീട് വെച്ചതോടെ വെള്ളവും വെളിച്ചവും ഇവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഏറ്റവും വേഗത്തില്‍ മുഴുവന്‍ വീടുകളും കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമപഞ്ചായത്ത്.