മധ്യപ്രദേശിലെ അന്നുപ്പൂര്‍ ജില്ലയില്‍ ഭൂസമരത്തിന് നേതൃത്വം നല്‍കിയ സിപിഐ എം നേതാവിനെ നാട് കടത്താന്‍ നോട്ടീസയച്ച് സര്‍ക്കാര്‍. മോസര്‍ബെയര്‍ താപവൈദ്യുത നിലയത്തിനായി കര്‍ഷകരില്‍ നിന്നും പാവങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വം സ്ഥലമേറ്റെടുക്കുന്നതിനെതിരെ നിരന്തരം ആളുകളെ സംഘടിപ്പിച്ച് സമരം ചെയ്തുകൊണ്ടിരുന്ന ജുഗല്‍ കിഷോര്‍ റാത്തോഡിനെയാണ് നാടുകടത്താനായി സര്‍ക്കാര്‍ നീക്കം നടത്തിയത്.

പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് കിഷോര്‍.മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണകൂടമാണ് ഇത്തരത്തില്‍ ശ്രമം തുടരുന്നത്. കള്ളക്കേസുകള്‍ ചമച്ച് അന്നുപ്പൂരിലും സമീപത്തുള്ള നാല് ജില്ലകളിലും ജുഗല്‍ കിഷോര്‍ പ്രവേശിക്കരുതെന്ന ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു.

കോണ്‍ഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ കമല്‍നാഥ് മോസര്‍ബിയര്‍ കമ്പനിയുടെ പങ്കാളിയാണെന്ന ആരോപണം നിരന്തരം ഉയരുന്നതിനിടക്ക് സാധാരണക്കാരില്‍ നിന്ന് കമ്പനിക്കായി ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാന്‍ പൂര്‍ണസഹായം സര്‍ക്കാര്‍ നല്‍കിയിരുന്നു.

ഇപ്പോള്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം അന്നുപ്പൂരില്‍ പ്രത്യക്ഷ സമരവുമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തില്‍ നൂറുകണക്കിന് ഗ്രാമവാസികളാണ് പങ്കെടുത്തത്.