സിഐയുടെ തിരോധാനം ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്ന്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സിഐയുടെ ബന്ധുക്കള്‍. എന്നാല്‍ പരാതി നല്‍കാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.

സി ഐ നവാസിനെ കാണാതായതിന്റെ തലേന്നാള്‍ മേലുദ്യോഗസ്ഥനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. വയര്‍ലസ് സെറ്റ് വഴി മേലുദ്യോഗസ്ഥന്‍ നവാസിനെ പരസ്യമായി ശാസിച്ചതിന് സഹപ്രവര്‍ത്തകരും സാക്ഷികളായിരുന്നു.എന്നാല്‍ ഇതെത്തുടര്‍ന്നുണ്ടായ മാനസിക വിഷമം മാത്രമല്ല സി ഐയുടെ തിരോധാനത്തിന് കാരണമെന്നാണ് വിവരം. കൊച്ചിയിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ സി ഐ നവാസിനെ കടുത്ത മാനസിക പീഡനത്തിന് വിധേയനാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പുറമെ വ്യക്തിപരമായ കാര്യങ്ങള്‍ക്കുപോലും മാനസിക സമ്മര്‍ദ്ദത്തിന് വിധേയനാക്കിയിരുന്നതായും ആരോപണമുണ്ട്. കൊച്ചി നഗരത്തിലെ ഒരു ജ്വല്ലറി ഉടമയ്‌ക്കെതിരെ നിര്‍ബന്ധിച്ച് കേസെടുപ്പിക്കുകയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ സസ്‌പെന്റ് ചെയ്യിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ നവാസിനെ ഭീഷണിപ്പെടുത്തിയിരുന്നതായും സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ പറഞ്ഞു.

കൂടാതെ ഉത്തരേന്ത്യക്കാരനായ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കി കൊടുക്കാന്‍വരെ സിഐയെ ചുമതലപ്പെടുത്തിയ സംഭവങ്ങളും ഒട്ടേറെയുണ്ടെന്നും സഹപ്രവര്‍ത്തകര്‍ രഹസ്യമായി കൈരളി ന്യൂസിനോട് പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ബ്രോഡ് വേയിലെ കടയില്‍ നിന്നും സുഗന്ധ ദ്രവ്യം വാങ്ങിനല്‍കാനും ഐപിഎസ് ഉദ്യോഗസ്ഥന്‍ ഒന്നിലേറെ തവണ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരുകേട്ട നവാസിന് ഈ നടപടികളോടെല്ലാം ശക്തമായ വിയോജിപ്പുണ്ടായിരുന്നു. എതിര്‍പ്പ് പ്രകടമാക്കുന്ന ഘട്ടങ്ങളിലെല്ലാം കടുത്ത പ്രതികാര നടപടികളും നവാസിന് നേരിടേണ്ടി വന്നിട്ടുണ്ട്. നവാസ് ചുമതലയിലുണ്ടായിരുന്ന സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇടയ്ക്കിടെ പരിശോധന നടത്തിയായിരുന്നു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികാരം തീര്‍ത്തിരുന്നത്.

പലപ്പോഴും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പറ്റാതെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് വിധേയനായതിനെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ പോയതെന്നും നവാസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.

സത്യസന്ധരായ ഉദ്യോഗസ്ഥരെ മാനസികമായി തകര്‍ക്കുന്ന ചില ശരികേടുകള്‍ പോലീസിനുള്ളില്‍ നിലനില്‍ക്കുന്നതായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.സംഭവത്തിന്റെ ഗൗരവം ഭരണ നേതൃത്വത്തിന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു അറിയിച്ചു.