തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്മക്കെതിരെ സംസാരിച്ചതിന് ജാതിഭ്രാന്തന്മാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ അശോകിന്റെ (26) സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

ആശുപത്രിയില്‍നിന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, കേരള സംസ്ഥാന കമ്മിറ്റി ട്രഷറര്‍ എസ് കെ സജീഷ്, തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ് ബാലവേലന്‍, പ്രസിഡന്റ് എന്‍ രജീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അശോകിന്റെ മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

സംഭവത്തില്‍ ശനിയാഴ്ച ഡിവൈഎഫ്ഐ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച് രാഷ്ട്രപതിക്കും മറ്റ് ഭരണാധികാരികള്‍ക്കും പരാതി നല്‍കും.

പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായത്. കൊലയാളികളെ ഉടന്‍ പിടികൂടണം. അശോകിന്റെ പരാതിയില്‍ അന്വേഷണം നടത്താതെ അനാസ്ഥ കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ദലിതര്‍ക്കെതിരെ നടത്തിയ ആക്രമണത്തിനും കേസ് എടുക്കണം. ഡിവൈഎഫ്ഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

തച്ചനല്ലൂര്‍ ഗ്രാമത്തില്‍ മാത്രം 15 വര്‍ഷത്തിനുള്ളില്‍ പിന്നോക്ക ജാതിയിലെ ആറുപേരെയാണ് മേല്‍ജാതിക്കാര്‍ കൊന്നുതള്ളിയത്. ഇനിയൊരാള്‍പോലും ജാതിവെറിയാല്‍ കൊല്ലപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും അശോകിന്റെ നിര്‍ധനകുടുംബത്തിന് 50 ലക്ഷംരൂപ ധനസഹായവും കുടുംബത്തില്‍ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.