കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജിൽനിന്ന‌് എറണാകുളം അമൃത ഇൻസ‌്റ്റിറ്റ്യുട്ടിലേക്ക‌് പറക്കുന്ന ആംബുലൻസിൽ ഒരു കുഞ്ഞുഹൃദയം മിടിക്കുന്നുണ്ട്.

അതിനേക്കാളേറെ വേഗത്തിലാണ‌് ആംബുലൻസിന‌് വഴിയൊരുക്കാനുള്ള സന്ദേശങ്ങൾ പറക്കുന്നത‌്.

പത്തുദിവസം പ്രായമായ കുരുന്നുജീവൻ പരമാവധി വേഗത്തിൽ അമൃത ഇൻസ‌്റ്റിറ്റ്യൂട്ടിലെത്തിക്കാൻ വഴി നീളെ കൈകോർക്കുകയാണ് സുമനസ്സുകൾ.

ഒപ്പം വിദഗ‌്ധ ചികിത്സയ‌്ക്കായി എല്ലാ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പുമുണ്ട്.

ചുടല സ്വദേശിയായ രൂപേഷിന്റെയും സുഷയുടെയും പത്തുദിവസം പ്രായമായ മകനെ കഴിഞ്ഞ ദിവസമാണ‌് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത‌്.

പറശിനിക്കടവ‌് ഇ കെ നായനാർ സ‌്മാരക അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഷ പത്തുദിവസം മുമ്പാണ‌് കുഞ്ഞിന‌് ജന്മം നൽകിയത‌്.

ഡിസ‌്ചാർജായി വീട്ടിലെത്തിയശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ നിന്നും കഴിഞ്ഞദിവസമാണ‌് പരിയാരം മെഡിക്കൽ കോളേജിലേക്ക‌് മാറ്റിയത‌്.

വിദഗ‌്ധ പരിശോധനയിലാണ‌് കുഞ്ഞിന‌് ഹൃദയവാൾവിന‌് തകരാറുള്ളതായി കണ്ടെത്തിയത‌്.

അടിയന്തര ശസ‌്ത്രക്രിയ നിർദേശിച്ചതോടെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തര ചികിത്സ ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശിക്കുകയായിരുന്നു.

മന്ത്രിയുടെ ഓഫീസ‌ിന്റെ ഇടപെടലിൽ കൊച്ചി അമൃത ഇൻസ‌്റ്റിറ്റ്യൂട്ടിൽ ശസ‌്ത്രക്രിയക്കുള്ള സൗകര്യമൊരുക്കിയശേഷമാണ‌് പരിയാരത്തുനിന്ന‌് കുഞ്ഞിനെ അമൃതയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയത‌്.

വെള്ളിയാഴ‌്ച രാത്രി 8.10 നാണ‌്  ആംബുലൻസ‌് പരിയാരത്തുനിന്ന‌് പുറപ്പെട്ടത‌്. വഴിനീളെ പൊലീസ‌് ആംബുലൻസിന‌്വ ഴിയൊരുക്കിയിരുന്നു.

പൊലീസ‌് ഹൈവേ പട്രോളിങ‌്, കൺട്രോൾ റൂം വാഹനങ്ങൾ തടസ്സങ്ങൾ നീക്കാൻ അകമ്പടിയായി.

വിവിധ വാട‌്സ‌് അപ‌് കൂട്ടായ‌്മകളും റോഡിലെ ജാഗ്രതയ‌്ക്ക‌് നേതൃത്വം നൽകി. 

ജനന സമയത്ത് സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക്  സൗജന്യ ചികിത്സക്ക് സൗകര്യമൊരുക്കുന്നതാണ‌് സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. 

ഹൃദ്രോഗം മൂലം കുട്ടികൾ മരിക്കുന്നത് പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് പദ്ധതി ആവിഷ്‌കരിച്ചത‌്.

ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കോട്ടയം ഗവൺമെന്റ് മെഡിക്കൽകോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതിപ്രകാരമുള്ള ചികിത്സാ സൗകര്യമുള്ളത്.

സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യദൗത്യവുമാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്. യൂനിസെഫും ബോസ്റ്റണിലെ ചിൽഡ്രൻസ് ഹാർട്ട്‌ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നൽകുന്നു.