തിരുനെല്‍വേലി തിരുനെല്‍വേലിയില്‍ ജാതിഭ്രാന്തന്മാര്‍ അരുംകൊലചെയ്ത ഡിവൈഎഫ്‌ഐ നേതാവ് അശോകിന് തമിഴകത്തിന്റെ അന്ത്യാഞ്ജലി.
തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
വിലാപയാത്രയായി സ്വദേശമായ തച്ചനല്ലൂര്‍ കരയിരുപ്പിലേക്ക് കൊണ്ടുപോയി.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ആയിരക്കണക്കിനു പാര്‍ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും വിലാപയാത്രയെ അനുഗമിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എന്‍ എസ് വെങ്കിട്ടരാമന്‍ പാര്‍ടി പതാകയും മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ പതാകയും പുതപ്പിച്ചു. വ്യാഴാഴ്ച പകല്‍ രണ്ടിന് കരയിരുപ്പില്‍ നടന്ന സംസ്‌കാരച്ചടങ്ങിനും വന്‍ ജനാവലി സാക്ഷ്യം വഹിച്ചു.
തൊട്ടുകൂടായ്മയ്‌ക്കെതിരായ സമരങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു അശോക്.
രാപ്പകല്‍ ഭേദമില്ലാതെ സഹായവുമായി ഓടിയെത്തുന്ന പ്രിയ സഖാവ് ഇനിയില്ലെന്ന് ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍. കരഞ്ഞുതളര്‍ന്ന അമ്മ ആവുടയമ്മാളും അച്ഛന്‍ മുരുകനും നാടിന്റെ നൊമ്പരമായി.
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ, സഹോദരങ്ങളായ മണിയുടെയും സതീഷിന്റെയും ദുഃഖം നിസ്സഹായരായി കണ്ടുനില്‍ക്കാനേ ജനക്കൂട്ടത്തിനായുള്ളൂ.
പ്രദേശവാസിയായ പേച്ചിരാജന്റെ നേതൃത്വത്തില്‍ മേല്‍ജാതിക്കാരായ ഏഴംഗ സംഘമാണ് അശോകിനെ ബുധനാഴ്ച രാത്രി കരയിരുപ്പ് ബസ് സ്‌റ്റോപ്പില്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.
അറസ്റ്റ് വൈകിപ്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും പാര്‍ടി പ്രവര്‍ത്തകരും പ്രഖ്യാപിച്ചിരുന്നു.
സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വ്യാഴാഴ്ച വൈകിട്ടുവരെ റോഡ് ഉപരോധിച്ചു.
പ്രതിഷേധം ശക്തമായതോടെ അക്രമിസംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതരായി.
ഒന്നാം പ്രതി പേച്ചിരാജന്‍ ഉള്‍പ്പെടെ ബാക്കി നാലുപേരെയും രണ്ടുദിവസത്തിനകം അറസ്റ്റ് ചെയ്യും എന്ന് പൊലീസ് ഉറപ്പുനല്‍കി.
അശോകിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവ ഉറപ്പാക്കാമെന്ന് ജില്ലാ ഭരണനേതൃത്വവും ഉറപ്പുനല്‍കി.
കൊലയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കാന്‍ ഡിവൈഎഫ്‌ഐ കേന്ദ്രഎക്സിക്യൂട്ടീവ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

Get real time update about this post categories directly on your device, subscribe now.