അസുഖബാധിതനായി വിശ്രമ ജീവിതം നയിക്കുന്ന സാഹിത്യകാരന്‍ യു എ ഖാദറിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിമാരായ ടി പി രാമകൃഷ്‌നന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ യു എ ഖാദറിനെ കോഴിക്കോട്ടെ വസതിയില്‍ സന്ദര്‍ശിച്ചു . സര്‍ക്കാര്‍ തീരുമാനം വലിയ ആശ്വാസമെന്ന് യു എ ഖാദര്‍ പ്രതികരിച്ചു.

ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാല്‍മുട്ട് മാറ്റി വെച്ച ശസ്ത്രക്രിയയ്ക്കും ശേഷം കോഴിക്കോട് പൊക്കുന്നിലെ വസതിയില്‍ വിശ്രമത്തിലാണ് സാഹിത്യകാരന്‍ യു എ ഖാദര്‍. ഭാര്യയും അസുഖബാധിതയാണ്. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും വീട്ടിലെത്തി യു എ ഖാദറിനെ കണ്ടത്.

ചികിത്സയ്ക്ക് വലിയ ചെലവ് വരുന്നതിനാല്‍ തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായും മറ്റു കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് തന്നെ നിലനിര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതില്‍ സന്തോഷമെന്ന് യു എ ഖാദര്‍ പറഞ്ഞു.  പുരുഷന്‍ കടലുണ്ടി എംഎല്‍എ യും മന്ത്രിമാര്‍ക്കൊപ്പം യു എ ഖാദറിന്റെ വസതിയില്‍ എത്തി.