കഴിഞ്ഞ ദിവസം ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി അറേബ്യയും. ഇതുമായി ബന്ധപ്പെട്ടുള്ള ഭീഷണികളെ ശക്തമായി നേരിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
നേരത്തെ, അമേരിക്കയും ഇറാനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല, ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച അമേരിക്ക യുദ്ധസന്നാഹങ്ങള്‍ എത്തിക്കാന്‍ നീക്കം തുടങ്ങിയതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചരക്കുകപ്പലുകള്‍ക്ക് തങ്ങളുടെ പടക്കപ്പലുകള്‍ സുരക്ഷ ഒരുക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ മേഖലയില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് വ്യക്തമായി.
വ്യാഴാഴ്ച രാവിലെയാണ് ഒമാന്‍ ഉള്‍ക്കടലില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു.
ഈ വാദത്തിന് തെളിവെന്ന പേരില്‍ ആക്രമണത്തിന് ഇരയായ കോകുക കറേജ്യസ് എന്ന ടാങ്കറിന്റെ ഒരുഭാഗത്തുനിന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മൈന്‍ നീക്കം ചെയ്യുന്ന വീഡിയോ അമേരിക്കന്‍ പുറത്തുവിട്ടു. ഇതിന് പിന്നാലെ ഇറാനെ കുറ്റപ്പെടുത്തി ബ്രിട്ടനും രംഗത്തെത്തി.
അതേസമയം, അമേരിക്കയുടെ ആരോപണം ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് തള്ളി. വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കുന്നതിനു പകരം ഇറാനെതിരെ ആരോപണങ്ങള്‍ ചമയ്ക്കുന്നതിലേക്ക് അമേരിക്ക എടുത്തുചാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ആക്രമണം ആഗോളവിപണിയില്‍ എണ്ണവില ഉയരാന്‍ കാരണമായി. അഞ്ചുമാസത്തെ വിലയിടിവിനുശേഷമാണ് വ്യാഴാഴ്ച മുതല്‍ ഉയര്‍ച്ച. ആഗോളവിപണിയില്‍ നാലുമുതല്‍ അഞ്ചു ശതമാനംവരെ വെള്ളിയാഴ്ച എണ്ണവില ഉയര്‍ന്നു. ബെന്റ് ക്രൂഡ് ഓയില്‍ വില 0.6 ശതമാനം വര്‍ധിച്ച് 61.44 ഡോളറായി.
മേഖലയില്‍ തല്‍സ്ഥിതി തുടര്‍ന്നാല്‍ അന്താരാഷ്ട്ര വിപണിയിലേക്ക് ക്രൂഡ് ഓയില്‍ നീക്കം തടസ്സപ്പെടുമെന്നും എണ്ണവില നിയന്ത്രണാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Get real time update about this post categories directly on your device, subscribe now.