സമവായ നീക്കങ്ങളുമായി മമത; ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍; അടച്ചിട്ട മുറിക്കുള്ളിലെ ചര്‍ച്ചയല്ല വേണ്ടത്, സ്ഥലം ഉടന്‍ തീരുമാനിക്കും

ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍. എന്നാല്‍ അടച്ചിട്ട മുറിക്കുള്ളിലെ ചര്‍ച്ചയല്ല വേണ്ടതെന്നും ഇന്ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഡോക്ടര്‍മാര്‍.

ബംഗാളിളെ ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമാവുകയും കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ചെയ്തതോടെയാണ് സമവായ നീക്കങ്ങളുമായി മമത ബാനര്‍ജി രംഗത്തെത്തിയത്. ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെന്നും മമത ഇന്നലെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന വിമര്‍ശനം മമത ഉന്നയിച്ചു.

ഇതിന് പിന്നാലെയാണ് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ മമത പറയുന്നത് പോലെ അടച്ചിട്ട മുറിയിലെ ചര്‍ച്ചയല്ല വേണ്ടത്. ഇന്ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലം തീരുമാനിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും അടച്ചിട്ട മുറിയിലായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. പരിക്കേറ്റ ഡോക്ടറെ മമത സന്ദര്‍ശിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതേ സമയം, 700ല്‍ അധികം ഡോക്ടര്‍മാര്‍ രാജി വെച്ചതോടെ സംസ്ഥാനത്തെ മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായിക്കഴിഞ്ഞു. നാളെ ദേശീയ പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എയിംസിലെ ഡോക്ടര്‍മാരുടെയും നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News