മാതൃഭൂമിക്കു നല്കിയ അഭിമുഖം കേരളത്തെ ഞെട്ടിച്ചതിനു പിന്നാലേയാണ് പുതിയ പ്രതികരണവുമായി ടീച്ചർ മുന്നോട്ടുവന്നത്. മാതൃഭൂമിക്കു നൽകിയ ഒരു കുറിപ്പിലൂടെത്തന്നെയാണ് പുതിയ മനോഗതവും ടീച്ചർ പങ്കുവച്ചത്.

ടീച്ചറുടെ കുറിപ്പ് ഇങ്ങനെ: “എന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം മാതൃഭൂമിയുടെയും വായനക്കാരും സുഹൃത്തുക്കളും നൽകുമെന്നു വിചാരിച്ചില്ല. “സ്നേഹപ്രവാഹങ്ങൾകൊണ്ടു ഞാൻ വീർപ്പുമുട്ടുകയാണ്. എന്തിനിങ്ങനെ പറഞ്ഞു എന്നാണ് എല്ലാവരുടെയും ചോദ്യം.

തീരെ വയ്യാതായാൽ പറയാതൊക്കില്ലല്ലോ.” ‘‘വളരെ അടുത്തുവെന്ന് തോന്നുന്നു. സമയമായി. ഇപ്പോൾ രണ്ടാമതും ഹാർട്ട് അറ്റാക്ക് കഠിനമായി വന്നു. ഒരു ലക്ഷണവും ഇല്ലാതെ പെട്ടെന്ന്. മരണവേദന എന്തെന്ന് ആദ്യമായി ഞാനറിഞ്ഞു.

ഒടുവിലത്തെ ഹൃദയാഘാതം വളരെ വേദനാജനകമായിരുന്നു. ഉരുണ്ട പാറക്കല്ല് നെഞ്ചിലേക്ക്‌ ഇടിച്ചിടിച്ച് ഇറക്കുന്നതുപോലുള്ള വേദന. ശ്വാസംമുട്ട്. ഇരിക്കാനും കിടക്കാനും വയ്യ. വിയർത്തൊലിച്ച് കണ്ണുകാണാൻപോലുമായില്ല.

അതിനുശേഷം ഞാനങ്ങോട്ട് ശരിയായിട്ടില്ല. വർത്തമാനം പറയാനും വയ്യ” – എന്നാണ് ക‍ഴിഞ്ഞ ദിവസം അഭിമുഖത്തിൽ ടീച്ചർ പറഞ്ഞത്. തന്റെ മരണാനന്തരച്ചടങ്ങുകൾ എങ്ങനെ വേണമെന്നും അഭിമുഖത്തിൽ നിഷ്കർഷിച്ചിരുന്നു. പരാമർശങ്ങൾ വലിയ വാർത്തയായിരുന്നു.

ഇത് വായനക്കാരിലും ശിഷ്യരിലും ആശങ്ക പരത്തിയിരുന്നു. തുടർന്നുണ്ടായ പ്രതികരണത്തെയാണ് ടീച്ചർ പുതിയ കുറിപ്പിൽ പരാമർശിച്ചത്. “ജീവിതത്തിൽ സുനിശ്ചിതമായത് ഒന്നേയുള്ളൂ – മൃത്യു”: പുതിയ കുറിപ്പിലും ടീച്ചർ ആവർത്തിച്ചു. അഭിമുഖത്തിലെ അവസാനവാക്യം ഇങ്ങനെ തിരുത്തണമെന്നപേക്ഷ: “ഈ മണ്ണിൽ ഞാൻ ഇനിയും ജനിക്കും. കഷ്ടപ്പെടാനും പാട്ടുപാടാനും. നന്ദി.”