പാലക്കാട്: അഴിമതിയുടെ ഭാഗമായുളള കണ്ടെത്തലുകളുമായി ഒരു തടസ്സവുമില്ലാതെ സധൈര്യം മുന്നോട്ട് പോകാനുളള സാഹചര്യം വിജിലന്‍സ് വിഭാഗത്തിന് സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമൂഹത്തിന്റെ പൊതു വികാരത്തോട് ചേര്‍ന്നുകൊണ്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും.

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പാലക്കാട് യൂണിറ്റിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗം നടത്തുന്നതെന്ന്.

സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗത്തിന്റെ പൊതുശേഷി വര്‍ദ്ധിപ്പിക്കും.

അതിന്റെ ഭാഗമായി ഇപ്പോള്‍ പാലക്കാട്ടെന്നപോലെ വിജിലന്‍സിന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഓഫീസുകള്‍ സജ്ജമാക്കുന്നതിനുളള നടപടി സ്വീകരിക്കും.

ചടുലതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വലിയതോതിലുളള ആള്‍ബലവും വിജിലന്‍സ് വിഭാഗത്തിന് വേണമെന്നതിനാല്‍ വിവിധ തലത്തില്‍ നിയമനങ്ങള്‍ നടത്തും.

വിജിലന്‍സ് കേസുകള്‍ ഗൗരവമായി എടുക്കും. നിയമപരമായ പാളിച്ചകളും കുറവുകളും ഇല്ലാതിരിക്കാന്‍ നിയമോപദേശം നല്‍കാനുള്ളവരുടെ പിന്‍ബലവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.