പട്ടാപ്പകല്‍ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസുകാരന്‍ വഴിയിലിട്ട് വെട്ടി പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി അജാസ് ഇതിന് മുമ്പും വീട്ടിലെത്തി സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ പറഞ്ഞു.

അജാസ് രണ്ടു തവണ വീട്ടില്‍ വരികയും മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഷൂ കൊണ്ടു തല്ലിയെന്നും സൗമ്യയുടെ അമ്മ ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ നിര്‍ബന്ധിച്ചിരുന്നുവെന്നും എന്നാല്‍ അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണു കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

അജാസ് സൗമ്യയെ മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും എല്ലാ വിവരങ്ങളും വള്ളികുന്നം എസ്‌ഐയെ ധരിപ്പിച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു.

അജാസില്‍ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ നല്‍കിയെങ്കിലും വാങ്ങാന്‍ അജാസ് തയാറായില്ല. തുടര്‍ന്ന് പണം അക്കൗണ്ടിലേക്കിട്ടു. അജാസ് അതു തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ അയക്കുകയും തുടര്‍ന്ന് സൗമ്യയ്‌ക്കൊപ്പം ഇന്ദിരയും രണ്ടാഴ്ച മുന്‍പ് ആലുവയില്‍ എത്തി പണം നേരിട്ടു നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അതു വാങ്ങാനും അജാസ് തയാറായില്ലെന്നും ഇന്ദിര പറയുന്നു. പകരം വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. വള്ളികുന്നം കഞ്ഞിപ്പുഴയ്ക്കു സമീപം ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം.

ഉച്ചക്ക് ശേഷം പിഎസ് സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ഒരുങ്ങവെയാണ് ദാരുണമായ സംഭവം നടന്നത്. സൗമ്യ വീട്ടിലെത്തി തിരിച്ചിറങ്ങും വരെ അജാസ് വീടിന് സമീപം കാത്ത് നിന്നു.

സ്‌കൂട്ടറുമായി സൗമ്യ പുറത്ത് ഇറങ്ങിയ ഉടനെ കാറിടിപ്പിച്ച് വീഴ്ത്തിയ അജാസ് കയറിപ്പിടിക്കാന്‍ ശ്രമിച്ചു. കയ്യിലിരുന്ന കൊടുവാള്‍ കൊണ്ട് വെട്ടി. പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ അജാസ് വീണ്ടും കഴുത്തില്‍ വെട്ടിയ ശേഷമാണ് പെട്രോളൊഴിച്ചത്. പിന്നീട് കയ്യിലിരുന്ന ലൈറ്ററെടുത്ത് തീ കൊളുത്തുകയായിരുന്നു.