ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ ചോദ്യം ചെയ്തതോടെ പണിപോയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് തൊഴില്‍മന്ത്രി. എറണാകുളത്ത് കസവുകട എന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഷാജി മുല്ലശേരിയാണ് അവിടുത്തെ തൊഴില്‍നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടത്.

ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ മന്ത്രി പോസ്റ്റിലൂടെ ഷാജിക്ക് മറുപടിയും നല്‍കി. സ്ഥാപനത്തില്‍ പരിശോധന നടത്തിയതായും ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു. ജോലി നഷ്ടപ്പെട്ടത് സംബന്ധിച്ച് എറണാകുളം ലേബര്‍ ഓഫീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഷാജിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ജോലിയില്‍ നിന്നു പിരിച്ചുവിട്ടതോടെ പണിയില്ലാതായതിനാല്‍ കെട്ടിടനിര്‍മാണ ജോലിക്ക് പോകുന്ന ഷാജി അടുത്ത ദിവസംതന്നെ ലേബര്‍ ഓഫീസിലെത്തി പരാതി നല്‍കും.

തൊഴിലിടങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തുന്ന റെയ്ഡ് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ ഷാജി പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘സഖാവേ എറണാകുളത്തു കസവുകട എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഞാന്‍. അവിടെ മാനേജ്‌മെന്റ് ധിക്കാരപൂര്‍വമായ പെരുമാറ്റം ആണ് തൊഴിലാളികളോട് കാണിക്കുന്നത്. സാലറി കൃത്യമായി കിട്ടാറില്ല. 10 ഡേയ്സ് ഒക്കെ വൈകി ആണ് കിട്ടാറുള്ളത്.

ക്രൂരമായ പെരുമാറ്റം ആണ്. ഇതു ചോദ്യം ചെയ്താല്‍ എറണാകുളം നിവാസികളെ തിരുവനന്തപുരം കടയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. മനസ്സ് മടുത്തു പലരും പോകുകയാണ്. അതുപോലെ മറ്റു ജില്ലക്കാരെ ദൂരെ സ്ഥലത്തേക്കു മാറ്റും. ഇരിപ്പിടം ഉണ്ടെങ്കിലും ഇരിക്കാന്‍ അവകാശം ഇല്ല.

ഇതിനോടൊക്കെ പ്രതികരിച്ച എന്നെ പിരിച്ചുവിട്ടു. സ്ത്രീകളായ സ്റ്റാഫുകളെവരെ ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ട്. അവരൊക്കെ നിവൃത്തികേടുകൊണ്ട് ഇപ്പോഴും ജോലി ചെയ്യുന്നു. അവരോടൊക്കെ അവര്‍ എപ്പോഴും തട്ടിക്കയറുന്നു.

ഈ മുതലാളിയുടെ മകന്‍ നന്ദു എന്ന വ്യക്തി ആണ് സ്റ്റാഫുകളെ അടിമകളായി കാണുന്നത്. മാസത്തില്‍ രണ്ടു ലീവ് പറയുന്നുണ്ടെങ്കിലും അത് ഇഷ്ടപ്പെട്ടവര്‍ക്കു മാത്രമേ അവര്‍ കൊടുക്കാറുള്ളു. സാര്‍ ഇത് അന്വേഷിച്ച് ഇതിനൊരു പരിഹാരം ഉണ്ടാക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇതു അവോയ്ഡ് ചെയ്യരുത്. പ്ലീസ്.’